എല്ലാത്തരം വന്യ ജീവികളുമെത്തുന്നതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് വയനാട് വൈത്തിരി തൈലക്കുന്നിലെ പ്രദേശവാസികൾ. വളർത്തു മൃഗങ്ങൾ പുലിക്കും കടുവക്കും ഇരകളാവുന്നതോടെ ഇരുട്ടായാൽ പ്രദേശത്തു ഭീതിയാണ്. പ്രദേശത്തു ഫെൻസിങ് പോലും കാര്യക്ഷമമാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി..
ആനയും കടുവയും പുലിയും കുരങ്ങുകളും അങ്ങനെ എല്ലാവരും സാന്നിധ്യമറിയിക്കുന്ന നാടാണ് വൈത്തിരിക്കടുത്തെ തൈലക്കുന്ന്. നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. ഏറ്റവും ഒടുവിൽ പുലി ഇറങ്ങി വളർത്തു നായയെ കടിച്ചു കൊന്നതാണ് ഭീതിയുണ്ടാക്കിയത്. മുമ്പ് നിരവധി വളർത്തു മൃഗങ്ങളും വന്യ ജീവികൾക്കിരയായിട്ടുണ്ട്..
ടാർപായ വലിച്ചു കെട്ടിയ നിരവധി വീടുകളുണ്ട് പ്രദേശത്ത്. വന്യ ജീവികളെത്തിയാൽ എന്ത് ചെയ്യുമെന്ന് ആശങ്കയുണ്ട് ഓരോരുത്തർക്കും.
സമീപത്തെ കാട്ടിൽ നിന്നാണ് വന്യ ജീവികളെത്തുന്നത്. ജനവാസ മേഖലയോട് ചേർന്ന് ഫെൻസിങ് ഏർപ്പെടുത്താത്തതും എസ്റ്റേറ്റുകൾ കാടു മൂടി കിടക്കുന്നതുമാണ് വെല്ലുവിളി. വനം വകുപ്പും പഞ്ചായത്ത് അധികൃതരും തങ്ങളുടെ ആശങ്ക കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.