വയനാട് ബത്തേരിയിൽ ആളില്ലാത്ത വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടി തടഞ്ഞ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഐ - കിസാൻ സഭ നേതാക്കൾ. ഇന്നലെ കോടതി ഉത്തരവോടെ സുൽത്താൻ ബത്തേരി ഫെഡറൽ ബാങ്ക് ശാഖ അധികൃതരാണ് പൊലിസ് സംരക്ഷണത്തിൽ ജപ്തി ചെയ്യാനെത്തിയത്. നടപടികൾ തടഞ്ഞ പ്രവർത്തകർ ബാങ്കിന്റെ മുന്നിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു.
ബത്തേരി കോട്ടക്കുന്ന് സ്വദേശി ജോൺസന്റെ വീടിനോട് ചേർന്നായിരുന്നു പ്രതിഷേധം. വീട്ടുകാർ യാത്രയിലായ സമയം ബാങ്ക് ജീവനക്കാർ ജപ്തിക്കെത്തിയതെന്നായിരുന്നു സിപിഐയുടെ ആരോപണം. ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജപ്തി തടഞ്ഞു.. വീടിന്റെ മുൻവശത്തെയും പിറകിലെയും വാതിലുകൾ ബാങ്ക് ജീവനക്കാർ തകർത്ത് അകത്ത് കടന്നതായും നേതാക്കൾ ആരോപിച്ചു.
ബാങ്ക് നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു നേതാക്കളുടെ ഭാഗം. ജപ്തി നടപടികൾ തടഞ്ഞ പ്രവർത്തകർ ചുള്ളിയോട് റോഡിൽ ഫെഡറൽ ബാങ്ക് ശാഖയ്ക്ക് മുന്നിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോട്ടക്കുന്നിലെ പുരയിടവും മൂന്ന് ഏക്കർ സ്ഥലവും പണയപ്പെടുത്തിയാണ് വീട്ടുകാർ ലോൺ എടുത്തത്. ഇതിൽ പകുതിയിലേറെ തുക തിരിച്ചടച്ചെന്നാണ് വീട്ടുകാരുടെ പക്ഷം. എന്നാൽ കോടതി ഉത്തരവുമായാണ് ജപ്തി നടപടിക്കെത്തിയതെന്നും പ്രതിഷേധക്കർ ജീവനക്കാരനെ മർദിച്ചതായും ബാങ്ക് അധികൃതർ പരാതിപ്പെട്ടു....