വയനാട്ടില്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തില്‍ മുന്‍ ജില്ലാ കലക്‌ടര്‍ രേണുരാജിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്ന് പരാതി. 2023 ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അവഗണിച്ചതായുള്ള പരാതി. മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കല്‍പ്പറ്റ മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമിക്ക് പ്രഥമ പരിഗണന നല്‍കണമെന്ന നിര്‍ദേശമടക്കം തള്ളി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു..
മതിയായ സൗകര്യമുള്ള ഒരു മെഡിക്കല്‍ കോളജ് എന്നത് വയനാട്ടുകാരുടെ സ്വപ്‌നമാണ്. 13 വര്‍ഷം മുമ്പ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചെങ്കിലും ഇന്നും ഒരു ബോര്‍ഡ് മാത്രമായി ഒതുങ്ങുന്നുവെന്നാണ് വയനാട്ടുകാരുടെ പരാതി. അതിനിടെയാണ് മുന്‍ കലക്‌ടര്‍ രേണുരാജിന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.
മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കല്‍പ്പറ്റയിലെ ഭൂമിക്ക് പ്രഥമ പരിഗണന നല്‍കണമെന്നായിരുന്നു കലക്‌ടറുടെ റിപ്പോര്‍ട്ട്. ചന്ദ്രപ്രഭാ ട്രസ്റ്റ് കല്‍പ്പറ്റ മടക്കിമലയില്‍ മെഡിക്കല്‍ കോളജിനായി സൗജന്യമായി നല്‍കിയ ഭൂമിയാണിത്. അനുകൂലമായ സാഹചര്യമുണ്ടായിട്ടും മെഡിക്കല്‍ കോളജ് പിന്നീട് മാനന്തവാടിയിലേക്ക് മാറ്റുകയായിരുന്നു, 2020 ല്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി പ്രഖ്യാപിക്കുകയായിരുന്നു.
മടക്കിമലയില്‍ മെഡിക്കല്‍ കോളജിനു വേണ്ടി തറക്കല്ലിട്ടെങ്കിലും പിന്നീട് സാങ്കേതിക ബുദ്ധിമുട്ട് പറഞ്ഞാണ് മാനന്തവാടിയിലേക്ക് മാറ്റിയത്. അവിടെയാകട്ടെ ആവശ്യമായ ഭൂമി പോലുമില്ല. റോഡ് സൗകര്യമടക്കമുളള കല്‍പ്പറ്റ നഗരത്തോട് ചേര്‍ന്ന മടക്കിമലയിലെ ഭൂമി ഇന്നും അനാഥമായി നില്‍ക്കുന്നുണ്ട്
മെഡിക്കല്‍ കോളജ് കല്‍പ്പറ്റയില്‍ നിന്നു മാനന്തവാടിയിലേക്ക് മാറ്റിയത് അട്ടിമറിയുടെ ഭാഗമാണെന്നാണ് പരാതി. നിടെ ഭൂമിയുടെ പേരും പറഞ്ഞ് വര്‍ഷങ്ങള്‍ നഷ്‌ടപ്പെടുത്തി. ഇന്നും കാര്യമായ ഒരു അനക്കവുമില്ലാതെ ആശുപത്രി അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ട്..