chekadi-farm

TOPICS COVERED

വയനാട് ചേകാടിയിൽ അനധികൃത കുതിര ഫാമിനെതിരെ റിപ്പോർട്ട് നൽകിയ കൃഷി ഓഫിസറെ സ്ഥലം മാറ്റി സർക്കാർ. നെൽവയൽ നികത്തി നിർമിച്ച കുതിര ഫാം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ കൃഷി ഓഫിസറെ സ്ഥലം മാറ്റിയത് ഫാം ഉടമകൾക്ക് വേണ്ടിയുള്ള സർക്കാർ ഒത്താശയാണെന്നാണ് പരാതി. അതിനിടെ ഫാമിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഐയും കോൺഗ്രസും.

 

ചേകാടിയിൽ കുതിര ഫാം നിർമിച്ചത് നെൽവയലിലാണെന്നും പൊളിച്ചു മാറ്റണമെന്നും റിപ്പോർട്ട്‌ നൽകിയയാളാണ് പുൽപ്പള്ളിയിലെ കൃഷി ഓഫിസർ അനു ജോർജ്. മൂന്നു മാസം മുമ്പ് റിപ്പോർട്ട് നൽകിയെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെയാണ് റിപ്പോർട്ട് എഴുതിയ കൃഷി ഓഫിസറെ സർക്കാർ സ്ഥലം മാറ്റിയത്. ഫാമിനെതിരെ കർഷകരുടേയും പ്രദേശത്തെ ആദിവാസികളുടേയും പ്രതിഷേധം നടക്കുന്നതിനിടെയുണ്ടായ അടിയന്തര നടപടി ഫാം ഉടമകളെ സഹായിക്കാനാണെന്നാണ് പരാതി. നിയമ ലംഘനത്തിനു സർക്കാർ കൂട്ടുനിൽക്കുകയാണെന്നാരോപിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുക്കുകയാണ് പ്രദേശവാസികൾ. 

Also Read; കള്ള ടാക്സികളുടെ പട്ടിക നല്‍കിയിട്ടും എംവിഡിക്ക് കുലുക്കമില്ല; നടപടിയെടുക്കാതെ കരുതല്‍

അതിനിടെ കുതിര ഫാം മൂലം പ്രദേശത്തെ ആദിവാസികളുടെ കുടിവെള്ളം വരെ മലിനമായെന്നും നടപടി വൈകുന്നുവെന്നും ആരോപിച്ച് സ്ഥലം എം.എൽ. എ ഐ സി ബാലകൃഷ്ണൻ രംഗത്തെത്തി. മനോരമ ന്യൂസ് വാർത്തകൾക്കു പിന്നാലെ അതു വരെ മൗനം തുടർന്ന കോൺഗ്രസും സിപിഐയും പ്രതിഷേധിക്കാനൊരുങ്ങുകയാണ്. 

ഫാമിനെതിരെ നടപടിയെടുക്കാത്തതിനു പിന്നിൽ പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് ആണെന്നും ഫാമിനു മുന്നിൽ പ്രതിഷേധിക്കുമെന്നും സിപിഐ. പിന്നിൽ ഉന്നതരുണ്ടെന്നും കർഷകരെ ഒപ്പം നിർത്തി പ്രതിഷേധം ശക്തമാക്കുമെന്നും പുൽപ്പളളി പഞ്ചായത്ത് പ്രസിഡണ്ട്. വാദ പ്രതിവാദങ്ങളും ഭരണകൂട ഒത്താശയും തുടരുമ്പോഴും കുതിര ഫാമിന്റെ പ്രവർത്തനം തകൃതിയായി തുടരുന്നുണ്ട്.

ENGLISH SUMMARY:

In Wayanad's Chekadi, the government has transferred an agricultural officer who reported against an illegal horse farm. The transfer, coming amidst ongoing protests demanding the demolition of the farm built on reclaimed paddy fields, has sparked allegations that the government is favoring the farm owners. Meanwhile, both the CPI and Congress are gearing up to intensify their agitation against the farm.