സർക്കാർ വിഹിതം മുടങ്ങിയതോടെ വയനാട് പുൽപ്പള്ളി പെരിക്കല്ലൂരിലെ 240 കോടിയുടെ ശുദ്ധജല പദ്ധതി പൂർത്തിയാക്കാനായില്ല. കബനിയിൽ നിന്ന് രണ്ടു പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് വില്ലനായത്. ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി കെ. എസ്. ഇ. ബി യിൽ പണമടച്ചില്ല.
വേനൽ തുടങ്ങുമ്പോൾ തന്നെ വറ്റി വരളുന്ന പുൽപ്പള്ളി, മുള്ളങ്കൊല്ലി പഞ്ചായത്തുകളിലേക്ക് കബനി പുഴയിൽ നിന്ന് വെള്ളമെത്തിക്കാൻ 240 കോടി രൂപാ ചിലവിൽ തുടങ്ങിയ ജല ജീവൻ പദ്ധതിയാണ് കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്നത്. നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനകം കമ്മീഷൻ ചെയ്യുമെന്നറിയിച്ചെങ്കിലും നടന്നില്ല. പൈപ്പിട്ട് മഞ്ഞാടിക്കടവിൽ പമ്പ് ഹൗസ് വരേ നിർമിച്ചെങ്കിലും പ്രവർത്തനം തുടങ്ങാനായിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് കാരണം. ഇതിനുള്ള പണം ജലഅതോറിറ്റി ഇതുവരെ കെ.എസ്.ഇ.ബിയിൽ അടച്ചിട്ടില്ല
കർണാടകയിലെ ബീച്ചനഹള്ളി ഡാം തുറന്നാൽ കബനി വറ്റിതുടങ്ങും. അടുത്ത് തന്നെ ഡാം തുറക്കാനാണ് കർണാടകയുടെ നീക്കം. അങ്ങനെയെങ്കിൽ മേഖലയിലെ ആയിര കണക്കിനു കുടുംബങ്ങൾ കടുത്ത ദുരിതത്തിലാകും. കബനി വറ്റും മുമ്പ് പ്രവർത്തനം തുടങ്ങിയാൽ മാത്രമേ അൽപമെങ്കിലും ആശ്രയമാകൂ. ഇത്ര കോടികൾ ചിലവൊഴിച്ചിട്ടും തങ്ങളുടെ ദുരിതത്തിനു അറുതിയായില്ലെന്ന് കർഷകരും നാട്ടുകാരും പരാതി പറയുന്നുണ്ട്. സർക്കാർ വിഹിതം വേഗത്തിൽ കൈമാറി പദ്ധതി പൂർത്തിയാക്കണമെന്നാണ് ആവശ്യം..