വയനാട് തലപ്പുഴയിൽ ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി കയ്യേറിയെന്ന് പരാതി. ഒരു ഏക്കർ ഭൂമി വീതം 63 കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമിയിലാണ് കയ്യേറ്റ പരാതി. കൈവശരേഖ കാണിച്ചിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് കുടുംബങ്ങൾ മനോരമ ന്യൂസിനോട് പറഞ്ഞു. പണിയ,അടിയ, കാട്ടുനായ്ക്ക, കുന്നേൽ കുറിച്ച്യ വിഭാഗങ്ങൾക്ക് സർക്കാർ പതിച്ചു നൽകിയ തലപ്പുഴയിലെ ഭൂമിയാണ് കയ്യേറിയതായി പരാതി. തിരുനെല്ലി ഉൾപ്പെടെ വയനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 63 കുടുബങ്ങൾക്ക് 2011 സെപ്തംബറിലാണ് ഭൂമിയുടെ കൈവശരേഖ നൽകിയത്. എന്നാൽ മറ്റു ചിലർ കയ്യേറിയെന്നാണ് കുടുംബങ്ങളുടെ പരാതി
സ്വന്തമായി വീടുവെച്ച് താമസിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ ഭൂമി ലഭിച്ചവർ താത്കാലിക ഷെഡുകൾ നിർമ്മിച്ചായിരുന്നു കഴിഞ്ഞത്. എന്നാൽ കൊറോണ സമയത്ത് അവകാശികൾ എത്താതായതോടെ ഭൂമി കയ്യേറുകയായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും ഭൂമി തിരികെ ലഭിച്ചില്ലെന്നും കുടുംബങ്ങൾ. തഹസിൽദാർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. അതിനിടെ കയ്യേറ്റം ചോദ്യം ചെയ്തവരെ മർദിച്ചെന്നും ഷെഡുകൾ പൊളിച്ചെന്നുo പരാതി ഉയർന്നു. അനുവദിച്ചു കിട്ടിയ ഭൂമിക്കു വേണ്ടി പ്രതിഷേധത്തിനൊരുങ്ങുകയാണ് കുടുംബങ്ങൾ..