വയനാട് സുഗന്ധഗിരി മരം മുറികേസില്‍ സ‌സ്പെന്‍ഷനിലായ ട്രൈബല്‍ വാച്ചറെ ഒരു വര്‍ഷമായിട്ടും തിരിച്ചെടുത്തില്ല. സുഗന്ധഗിരി സ്വദേശി ജോണ്‍സനെതിരെയാണ് വനംവകുപ്പിന്‍റെ നടപടി. പാതി ശമ്പളം പോലും നല്‍കാതെ പ്രതിസന്ധിയിലാക്കിയതോടെ ജോണ്‍സന്‍റെ മകന് പഠനം നിര്‍ത്തി കൂലിപണിക്കു പോകേണ്ട സ്ഥിതിയായി. കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മറ്റു 8 വനപാലകരെ തിരിച്ചെടുത്തെങ്കിലും താഴ്‌ന്ന തസ്‌തികയിലുള്ള ജോണ്‍സനെ മാത്രമാണ് തിരിച്ചെടുക്കാത്തത്.

കഴിഞ്ഞ മാര്‍ച്ച് 30 നാണ് വൈത്തിരിക്കടുത്ത് സുഗന്ധഗിരിയില്‍ അനധികൃത മരംമുറി കേസില്‍ വാച്ചറായിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ജോണ്‍സനെ സസ്‌പെന്‍ന്‍റ് ചെയ്‌തത്. ഡിഎഫ്ഒ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍, ബീറ്റ് ഓഫിസര്‍ എന്നിവരടക്കം 9 പേര്‍ക്കെതിരെയായിരുന്നു നടപടി. ഇതില്‍ 8 പേര്‍ക്കെതിരായ നടപടി ആറു മാസത്തിനുള്ളില്‍ പിന്‍വലിച്ചെങ്കിലും ജോണ്‍സനെ മാത്രം തിരിച്ചെ‍ടുത്തില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം

നടപടിയില്‍ ആറുമാസം പകുതി ശമ്പളം നല്‍കിയെങ്കിലും പിന്നെ നിലച്ചു. പട്ടിണിയിലാകുന്ന സ്ഥിതിയായപ്പോള്‍ ജോണ്‍സന്‍റെ മകന്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കു പോയി തുടങ്ങി. മീനങ്ങാടി പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയായിരുന്നു മകന്‍. അതിനിടെ ജോണ്‍സണും കുടുംബവും പലതവണ മേലുദ്യോഗസ്ഥരെ കണ്ട് കാര്യമറിയിച്ചെങ്കിലും ആരും പരിഗണിച്ചില്ലെന്ന് കുടുംബം സുഗന്ധഗിരി ഭാഗത്തു നിന്ന് 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ അനുമതിയുടെ മറവില്‍ ഇരുനൂറോളം മരങ്ങള്‍ മുറിച്ചെന്നാണ് കേസ്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും നിര്‍ദേശം തന്നവര്‍ ഇന്ന് ജോലിയിലും താന്‍ പട്ടിണിയിലുമാണെന്നും ജോണ്‍സണ്‍ പറയുന്നുണ്ട്.

ENGLISH SUMMARY:

A tribal watcher suspended in connection with the Sugandhagiri illegal tree felling case in Wayanad has not been reinstated even after a year. The delay in his reinstatement has raised concerns among the tribal community and forest department staff.