സ്വകാര്യ ആശുപത്രികളെ പോലും തോല്‍പ്പിക്കുന്ന തരത്തിലേക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ മാറ്റിയ ഡോക്‌ടര്‍ക്കാണ്, 2023 ലെ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ മികച്ച ഡോക്‌ടര്‍ക്കുള്ള പുരസ്‌കാരം. ആധുനിക ഫിസിയോതെറാപ്പി കേന്ദ്രം, പൊതുജനങ്ങള്‍ക്ക് ജിംനേഷ്യം, പേപ്പര്‍ലെസ് ടോക്കണ്‍ സംവിധാനം, ഡിജിറ്റലൈസഡ് ഓപി, ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് പ്രസവത്തിനു മുന്നേ താമസിക്കാവുന്ന അമ്മ താരാട്ട് കേന്ദ്രം തുടങ്ങി നിരവധി സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്.
അസിസ്റ്റന്‍റ് സര്‍ജന്‍ ഡോ.വി.പി ദാഹര്‍ മുഹമ്മദ് ഡോക്ടറുടെ കഠിനാധ്വാനത്തിലാണ് ലോകമാകെ മാതൃകയാക്കാവുന്ന തരത്തിലേക്ക് ആശുപത്രി മാറിയത്.
ഗോത്രവിഭാഗക്കാര്‍ ഭൂരിഭാഗമുള്ള നൂല്‍പ്പുഴയിലേക്ക് 2016 ലാണ് ദാഹര്‍ ഡോക്‌ടറെത്തിയത്. കേവല സൗകര്യം പോലുമില്ലാതിരുന്ന ആശുപത്രിയില്‍ മാറ്റം വരുത്തി തുടങ്ങി. പഞ്ചായത്തിന്‍റെ പൂര്‍ണ പിന്തുണയോടെ വിവിധ ജനപ്രതിനിധികളുടെ ഫണ്ടും സി.എസ്.ആര്‍ ഫണ്ടും ശേഖരിച്ചു.
ആശുപത്രി പരിസരത്ത് മാനസികാരോഗ്യത്തിനുള്ള സൗകര്യം ഒരുക്കിയാല്‍ തന്നെ രോഗിയുടെ പകുതി അസുഖം മാറുമെന്നാണ് ഡോക്‌ടര്‍ പറഞ്ഞത്. 2018 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്കാരം, ആര്‍ദ്രകേരള പുരസ്‌കാരം, നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ അങ്ങനെ ആശുപത്രിയെ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളാണ്. 2019 ലെ ആരോഗ്യമേഖലയിലെ മികച്ച നിര്‍വഹണ ഉദ്യോഗസ്ഥന് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ദാഹറിന് ലഭിച്ചു.