പത്തനംതിട്ടയില്‍ ജില്ലാകലക്ടര്‍ക്കെതിരെ സി.പി.എം ജില്ലാനേതൃത്വത്തിന്റെ പോരിന് കാരണമായത് സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ജില്ലാകലക്ടര്‍ നടത്തിയ ഇടപെടല്‍. ആശിക്കുംഭൂമി വനവാസിക്ക് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് കലക്ടര്‍ ഇടപെട്ടത്. ഭൂമിവാങ്ങാന്‍ ഇടനില നിന്നവര്‍ ജില്ലാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്.
ആശിക്കുംഭൂമി വനവാസിക്ക് പദ്ധതിയില്‍ അമിതവില നല്‍കിയാണ് ഭൂമി വാങ്ങുന്നതെന്നും ഇടനിലക്കാര്‍ക്ക് പണംതട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നുംകാട്ടി കലക്ടര്‍ക്ക് നിരവധിപരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭൂമിവില പുനപരിശോധിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്രമക്കേട് ബോധ്യപ്പെട്ടതോടെ ഭൂമി ഇടപാട് നിര്‍ത്തിവക്കാന്‍ മാര്‍ച്ച് 13ന് കലക്ടര്‍ പട്ടിവര്‍ഗ ക്ഷേമ ഓഫീസര്‍ക്ക് ഉത്തരവും നല്‍കി. ഇതിനുപിന്നാലെയാണ് കലക്ടര്‍ക്കെതിരെ സമരവുമായി സി.പി.എം നേതൃത്വമെത്തിയത്. ഭരണകക്ഷിയില്‍പെട്ട ചിലര്‍ക്ക് ഭൂമിയിടപാടില്‍ പങ്കുണ്ട്. കച്ചവടത്തില്‍ ഇടനില നില്‍ക്കുന്നതും ഇവര്‍ തന്നെയാണ്.ഭൂമിയിടപാട് സംബന്ധിച്ച് മധ്യസ്ഥശ്രമവും ഇക്കൂട്ടര്‍ നടത്തി.കലക്ടറുടെ ഇടപെടലില്‍ ഈ നീക്കംപൊളിഞ്ഞു. തുടര്‍ന്നാണ് സി.പിഎം നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയത്. കൊല്ലമുളവില്ലേജില്‍ പരുവ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് ആദിവാസികള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. കലക്ടര്‍ പദ്ധതികള്‍ അട്ടിമറിക്കുകയാണെന്നാണ് സി.പി.എം ആക്ഷേപം.