പ്രളയത്തിലും ഉരുൾപൊട്ടലിലും ഭാഗികമായി തകർന്ന പത്തനംതിട്ട പെരുമ്പെട്ടി നൂലുവേലിക്കടവ് തൂക്കുപാലം സന്ദർശിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം. ഇവിടെ അപകട സാധ്യത വളരെയധികമാണ്. പാലത്തിൽ നിന്ന് കാൽവഴുതി താഴെയേക്ക് വീണാൽ മണിമലയാറ്റിലെ കയത്തിൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
2016ൽ നിർമിച്ച ഈ പാലം 2018ലെ പ്രളയത്തിലും കൂട്ടിക്കൽ ഉരുൾപൊട്ടലിലുമാണ് മരത്തടികൾ അടിഞ്ഞ് തകർന്നത്. പാലം പുനർനിർമ്മിക്കാനാകില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, തകർന്ന പാലം നീക്കം ചെയ്യാനും അധികൃതർ തയ്യാറല്ല. പുതിയ പാലം എന്ന നാട്ടുകാരുടെ സ്വപ്നം ഇതുവരെ പൂവണിയാത്തതോടെ, യാത്രക്കാരും നാട്ടുകാരും വലിയ ദുരിതത്തിലാണ്.
അഞ്ചാറ് കിലോമീറ്റർ അകലമുള്ള വഴിയിലൂടെ മാത്രമേ നാട്ടുകാർക്ക് ഇപ്പോൾ യാത്രചെയ്യാനാകൂ. കോട്ടാങ്ങൽ-വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ നടപ്പാലത്തിന്റെ തകർച്ച കോട്ടാങ്ങൽ പടയണിക്ക് എത്തുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പാലം അപകടാവസ്ഥയിലാണെന്ന് അറിയാതെ സന്ദർശകരും, ആറ്റിൽ കുളിക്കാനെത്തുന്നവരും, ഫോട്ടോകൾ പകർത്തുന്നതിനായി പാലത്തിൽ കയറുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. ജലനിരപ്പ് കൂടിയിരിക്കുന്ന സമയങ്ങളിൽ തകർന്ന പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുന്നവരുമുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ 12 പേരാണ് കയത്തിൽ പെട്ട് മരണപ്പെട്ടത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനൊരുങ്ങുന്നു.