കോട്ടയം വടുവാതൂരിൽ മട തകർന്ന് വെള്ളം കയറി നാൽപതേക്കറിലെ കൃഷി നശിച്ചു. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടക്കാനിരുന്ന പാടശേഖരം ഉൾപ്പെടെ വെള്ളത്തിനടിയിലായി. നാൽപ്പത് ലക്ഷം രൂപയുടെ നഷ്ട്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
പതിനഞ്ച് വർഷത്തിന് ശേഷമാണ് കൈതയിൽക്കെട്ട് പാടശേഖരത്തിലുൾപ്പെടെ വിത്തിറക്കിയത്. നാട്ടിലെ മുതിർന്നവരും യുവാക്കളും കൈകോർത്തതോടെ പ്രദേശത്തെ 630 ഏക്കറിൽ കൃഷിയിറങ്ങി. മാസങ്ങൾ നീണ്ട ക്ഷ്ട്ടപ്പാടിനൊടുവിൽ കൊയ്ത്ത് തുടങ്ങിയതോടെ വില്ലനായി മഴയെത്തി. മീനച്ചിൽ,മീനന്തയായാറുകളിൽ വെള്ളം നിറഞ്ഞൊഴുകി. കുത്തൊഴുക്കിൽ കൈതയിൽ കെട്ടിൽ മണൽചാക്കുകൾ അടക്കി നിർമ്മിച്ച രണ്ട് തടയണകൾ പൂർണമായും തകർന്നു. നാൽപ്പതേക്കറിലെ കൃഷി വെള്ളത്തിലായി. മിച്ചം കിട്ടിയത് ഈ പമ്പ് സെറ്റ് മാത്രം.
വെള്ളം കയറി ചതുപ്പായ പാടത്ത് കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാൻ കൃഷി വകുപ്പ് തയ്യാറായില്ല. ഇതോടെ കൂലിക്ക് ആളെ നിർത്തിയാണ് ഇത്രയെങ്കിലും കൊയ്തെടുത്തത്. കൊയ്തിട്ട നെല്ലും വെള്ളത്തിനടിയിലായി. അധ്വാനത്തിന് പുറമെ നല്ലൊരു തുകയും കൃഷിക്കായി കർഷകർ ചിലവഴിച്ചു. നഷ്ടം നികത്താൻ സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.