തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസിലെ ഗതാഗതക്കുരുക്കിനും പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. ആദ്യഘട്ടമായി അമ്പത്തിയെട്ടു കോടി രൂപ കിഫ്ബി വഴി അനുവദിച്ചു.  

റോഡ് വികസനത്തിനും മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്ങിനും ഈ തുക വിനിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

പാര്‍ക്കിങ്ങിന് മരുന്നുണ്ടോ എന്ന പരമ്പരയിലൂടെ മനോരമ ന്യൂസ് ചൂണ്ടിക്കാണിച്ച, മെഡിക്കല്‍ കോളേജ് ക്യാംപസിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും ദുരിതത്തിന് പരിഹാരമാകുന്നു. 

മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന് 25.24 കോടി രൂപയും മെഡിക്കല്‍ കോളേജ് റോഡ് വികസനത്തിന് 18.6 കോടിയും അനുവദിച്ചു. രണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങളാണ് ഒരുക്കുന്നത്. 

അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ഒ.പി. ബ്ലോക്കിന് മുന്‍വശത്തായുള്ള സ്ഥലത്ത് 200 വാഹനങ്ങളും. ആറു തട്ടുകളാണ് ഓരോ 

കെട്ടിടത്തിലുമുണ്ടാകുക.

മെഡിക്കല്‍ കോളേജ് പ്രവേശന കവാടം മുതല്‍ ശ്രീ ചിത്രയ്ക്ക് സമീപം കൂടി സി.ഡി.സി. വരേയും എസ്.എ.ടി. അമ്മയും കുഞ്ഞും പ്രതിമ മുതല്‍ മോര്‍ച്ചറി കഴിഞ്ഞ് പ്രധാന റോഡ് വരേയും ഒ.പി. 

റോഡ് മുതല്‍ ശ്രീചിത്രയുടെ പുതിയ കെട്ടിടം വരെയുമുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള രണ്ടുവരിപ്പാത മൂന്നുവരിയാക്കി വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തും

ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശ്രീ ചിത്രയ്ക്ക് സമീപം മുതല്‍ ഒ.പി. ബ്ലോക്കിന് മുന്‍വശത്തുള്ള ചതുപ്പ് നിലത്തിന് മുകളിലൂടെ,  കുമാരപുരം റോഡില്‍ വന്നിറങ്ങുന്ന ഇലവേറ്റഡ് റോഡ് 

കോറിഡോറും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.