amboori

തിരുവനന്തപുരം അമ്പൂരി ആദിവാസി കോളനിയില്‍ ആകെയുള്ള പാലം തകര്‍ന്നതിനാല്‍ സ്കൂളില്‍ പോകാനാകാതെ കുട്ടികള്‍. പാലം നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്ന് പണം അനുവദിച്ചെങ്കിലും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല.   

ഇതാണ് കുമ്പിച്ചല്‍ കടവിന്റെ പഴയ ദൃശ്യം. നിറഞ്ഞൊഴുകുന്ന വെള്ളം. വള്ളത്തില്‍ മാത്രമെ പുഴ കടക്കാനായിരുന്നുള്ളു.എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്ഥമാണ്. കടുത്ത വേനലില്‍ നെയ്യാര്‍ ജയസംഭരണി വറ്റി വരണ്ടതോടെ കുമ്പിച്ചല്‍ കടവിലും വെള്ളമില്ലാതെയായി. കഴിഞ്ഞ രണ്ടുമാസമായി കടത്തുവള്ളവും കരയിലായി. ഇന്നലെ പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോലും ഇതോടെ കുട്ടികള്‍ക്ക് സാധിച്ചില്ല.  

ചെളികൊണ്ട് മൂടിയ റിസര്‍വോയര്‍ കടക്കാന്‍ നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാലവും തകര്‍ന്നതാണ് ആദിവാസി മേഖലയെ ആശങ്കയിലാക്കുന്നത്.  

കിഫ്ബിയില്‍ നിന്നും 17.25 കോടി രൂപ പാലംപണിക്കായി അനുവദിച്ചിരുന്നു. എന്നാല്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ കിട്ടിയില്ല. അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നുമാണ് സ്ഥലം എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ പറയുന്നത്.