പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞ മണൽ ,, വടശേരിക്കര അരീക്കക്കാവ് മാതൃക തടി ഡിപ്പോയിൽ എത്തിച്ചു ലേലംചെയ്യാൻ വനംവകുപ്പ് കരാർ ക്ഷണിച്ചു. പല തവണ ലേലം വച്ചെങ്കിലും പമ്പയിൽ നിന്നു മണൽ എടുക്കാൻ ആളില്ലാത്ത സാഹചര്യത്തിലാണ്,, വടശേരിക്കര എത്തിച്ചു വിൽക്കാൻ ശ്രമിക്കുന്നത്. മണലിന്റെ ഗുണമേന്മ പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് സർക്കാർ ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇ ടെൻഡർ നടപടികളിലെ നൂലാമാലകളും പമ്പയിൽ നിന്ന് മണൽ കൊണ്ടുവരുന്നതിന്റെ വാഹന ചെലവും മണലിന്റെ ഗുണമേന്മയിലുള്ള സംശയവുമായിരുന്നു പല തവണ ലേലം വച്ചിട്ടും ആളെത്താത്തിന്റെ കാരണമായി പറഞ്ഞത്. പമ്പയിൽ നിന്ന് വടശേരിക്കര എത്തിക്കുന്നതിന് ലോഡിന് 10,000 രൂപ െചലവാകുമെന്നാണ് കണക്കു കൂട്ടൽ. മണൽ എത്തിക്കുന്നതിന് ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു.
ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾ കഴിഞ്ഞു ബാക്കിയുള്ള മണലാണ് ലേലം ചെയ്യുന്നത്. മൊത്തം എത്ര മണലുണ്ടെന്നു വ്യക്തമായ കണക്കില്ല. ലോഡു പോകുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു. 40,000 ഘനമീറ്റർ മണൽ ദേവസ്വം ബോർഡിനു നൽകാനാണ് ധാരണ. ബാക്കി മണലിൽ 10,000 ഘന മീറ്റർ മണൽ വടശേരിക്കര എത്തിക്കും. ഇത് വിജയിച്ചാൽ അവശേഷിക്കുന്ന മണൽ കൂടി വടശേരിക്കര എത്തിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 14ന് പമ്പാ ത്രിവേണി മൂടിയ മണലാണ് ലേലം ചെയ്യാൻ വനം വകുപ്പിനെ ഏൽപ്പിച്ചത്. അരീക്കക്കാവ് മാതൃക ഡിപ്പോയിൽ മണൽ കൂട്ടിയിടാൻ പ്രത്യേക യാർഡ് ഉണ്ടാക്കും. 35 ഏക്കർ സ്ഥലമാണ് ഡിപ്പോയിൽ ഉള്ളത്.