കൊല്ലത്തെ ശാസ്താംകോട്ട തടാകത്തില്‍ വളളം മറിഞ്ഞുണ്ടായ ദുരന്തത്തിന് നാല്‍പത്തിമൂന്നു വയസ്. ഇരുപത്തിനാലു പേര്‍ മരിച്ച അപകടം ഇന്നും നടുക്കത്തോടെ ഓര്‍ക്കുകയാണ് നാട്. തടാകത്തില്‍ ദീപങ്ങള്‍ കത്തിച്ച് അനുസ്മരണച്ചടങ്ങ് നടന്നു.
കണ്ണീരോർമകളുടെ വെളിച്ചമായി 24 ദീപങ്ങള്‍. ശാസ്താംകോട്ട തടാകത്തില്‍ വളളം മറിഞ്ഞുണ്ടായ ദുരന്തത്തില്‍ 24 പേരാണ് മരിച്ചത്. ഓര്‍മപുതുക്കാനായി ഇക്കുറിയും നാടൊന്നാകെ അമ്പലക്കടവിൽ എത്തി. തടാകത്തില്‍ ദീപം കത്തിച്ച് അനുസ്മരണച്ചടങ്ങ്. 1982 ജനുവരി 16 ശനി രാവിലെയാണ് തടാകത്തിന്റെ മധ്യഭാഗത്ത് രണ്ടു വള്ളങ്ങള്‍ മറിഞ്ഞത്. അമ്പലക്കടവിൽ നിന്നു പടിഞ്ഞാറേകല്ലട വെട്ടോലിക്കടവിലേക്ക് പോവുകയായിരുന്നു വളളം.
ചന്തയില്‍ നിന്ന് പൊങ്കാല സാധനങ്ങള്‍ വാങ്ങി വന്ന സ്ത്രീകളായിരുന്നു ഏറെയും. വളളം മറിയുമെന്നായപ്പോള്‍ രക്ഷിക്കാൻ വെട്ടോലിക്കടവിൽ നിന്നു മറ്റൊരു വള്ളമെത്തി. ഇതിലേക്ക് പ്രാണരക്ഷാർഥം യാത്രക്കാർ ചാടിക്കയറിയതോടെ രണ്ടു വള്ളങ്ങളും മുങ്ങി. മരിച്ചവരിൽ 2 പേരൊഴികെ എല്ലാവരും പടിഞ്ഞാറേ കല്ലടയിലുളളവരായിരുന്നു.