കൊല്ലം അഴീക്കല്‍ മേഖലയില്‍ അനധികൃത കടവുകളിൽ മത്സ്യ കച്ചവടം നടത്തുന്നതായി പരാതി. മീനുമായെത്തുന്ന വള്ളങ്ങൾ സ്വകാര്യ കടവുകളില്‍ പോകുന്നതിനാല്‍ ഹാർബറിലുളള തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നില്ല.
അഴീക്കല്‍ ഹാർബറിൽ വണ്ടികളിൽ മീന്‍ കയറ്റിക്കൊടുക്കുന്ന നൂറിലധികം തൊഴിലാളികളുണ്ട്. എന്നാല്‍ അടുത്തകാലത്തായി മിക്ക തൊഴിലാളികള്‍ക്കും തൊഴില്‍ ലഭിക്കുന്നില്ല. അതായത് കടലില്‍ പോയി മീനുമായി ഹാര്‍ബറില്‍ എത്തേണ്ട വളളങ്ങള്‍ സ്വകാര്യകടവുകളിലേക്ക് പോകുന്നതായാണ് തൊഴിലാളികളുടെ പരാതി. മിക്ക ദിവസവും വെറും കൈയുമായി മടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. പുറമ്പോക്ക് ഭൂമി കേന്ദ്രീകരിച്ചാണ് അനധികൃതമായി സ്വകാര്യ കടവുകൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. മീന്‍ വളളങ്ങള്‍ അനധികൃത കടവുകളിലേക്ക് പോകുമ്പോള്‍ ഹാര്‍ബറിലെ തൊഴിലാളികള്‍ക്കാണ് കയറ്റിറക്ക് തൊഴില്‍ ഇല്ലാതാകുന്നത്. ഹാർബർ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ല. അനധികൃത കടവുകള്‍ രൂപപ്പെടുന്നത് ഹാര്‍ബറിന്റെ വരുമാനത്തിലും ഇടിവുണ്ടാക്കും.