കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസില്‍ ത്രിവല്‍സര എല്‍.എല്‍.ബി കോഴ്സിന് തുടക്കമാകുന്നു. നിലവില്‍ നിയമപഠനത്തിനായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്. കോഴ്സിന് ആരംഭിക്കുന്നതോടെ സമ്പൂര്‍ണ നിയമപഠനമെന്ന ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാവുക.
ആദ്യഘട്ടമായി ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അറുപതു പേര്‍ക്കായിരിക്കും പ്രവേശനം. അഡ്മിഷന്‍ നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിച്ച് അടുത്ത മാസത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഇതോടെ നിയമപഠനത്തിനായി മംഗളൂരു, സുള്ള്യ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ അശ്വാസമാണുണ്ടാവുക. ഒപ്പം ജില്ലയുടെ വിദ്യാഭ്യാസ രംഗത്തെ പുതിയൊരു നാഴികക്കല്ലിനു കൂടി തുടക്കമാകും.
ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള സൗകര്യങ്ങളെല്ലാം കാമ്പസില്‍ തയ്യാറായിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. നിലവില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച രണ്ട് വര്‍ഷത്തെ എല്‍. എല്‍. എം കോഴ്സും കാമ്പസില്‍ നടന്നു വരുന്നു