തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍  വിക്കറ്റ് ഗേറ്റ് പൂട്ടിയതില്‍ നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം കനക്കുന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എം.പി രംഗത്തെത്തി. വീണ്ടും സുരക്ഷ ഓഡിറ്റ് നടത്തി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം ഗെയ്റ്റ് തുറക്കാനാകില്ലെന്ന പിടി വാശി തുടരുകയാണ് ടെക്നോ പാര്‍ക്ക് അധികൃതര്‍. 

കഴക്കൂട്ടത്ത് നിന്നും കാല്‍നടയായി ടെക്നോ പാര്‍ക്കില്‍  എത്താനുള്ള എളുപ്പ മാര്‍ഗമാണ് നിള കെട്ടിടത്തിന് പിറകിലുള്ള വിക്കറ്റ് ഗെയ്റ്റ്. 

കളമശ്ശേരി സ്ഫോടനത്തെ തുടര്‍ന്ന് സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓക്ടോബര്‍ 29ന് ഗെയ്റ്റ് അടച്ചുപൂട്ടി. ഗേറ്റ് തുറക്കണമെന്ന് ഐടി ജീവനക്കാരും പ്രദേശവാസികളായ കച്ചവടക്കാരും ഒരുപോലെ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് ആക്ഷണ്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം തുടങ്ങിയത്. സ്ഥലം സന്ദര്‍ശിച്ച ശശി തരൂര്‍ എം.പി ഗെയ്റ്റ് തുറന്ന് കൊടുക്കണമെന്ന് ടെക്നോ പാര്‍ക്ക് സി.ഇ.ഒയോട് ആവശ്യപ്പെട്ടു.

ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍ ആശ്രയിക്കുന്ന ചെറിയ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന നിരവധി കടകളുണ്ട്. ഗെയ്റ്റ് അടച്ചതോടെ ഇവരുടെ കച്ചവടം മുട്ടി. ഇവരില്‍ പലരും ടെക്നോ പാര്‍ക്കിനായി ഭൂമി വിട്ടുനല്‍കിയവരുമാണ്. അതിനാല്‍ ഇവരുടെ കാര്യത്തില്‍ മാനുഷിക പരിഗണന വേണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഡിജിപിയുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.