കഴിഞ്ഞ വര്‍ഷം വേനല്‍ ബാധിക്കാതിരുന്ന പലയിടത്തും ഈ വര്‍ഷം ഫെബ്രുവരി തുടങ്ങിയപ്പോഴേ വെള്ളം ഇല്ലാതായി. പത്തനംതിട്ട ഏനാത്ത് പലയിടത്തും കിണറുകള്‍ വറ്റി ചിലയിടത്ത് കുടിവെള്ളം കൊടുക്കാതായിട്ട് വര്‍ഷങ്ങളായി. വേനല്‍ തീരാന്‍ ഇനിയും മാസങ്ങള്‍ ഉണ്ടെന്നോര്‍ക്കുമ്പോള്‍ ആശങ്കയിലാണ് നാട്ടുകാര്‍.
ഏഴംകുളം പഞ്ചായത്തിലെ ഇളങ്ങമംഗലം, കളമല, കൊയ്പള്ളിമല, കിഴക്കുപുറം പ്രദേശങ്ങളിലാണ് കുടിവെള്ളം ഇല്ലാതായത്. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രിയദർശിനി കോളനിയുടെ സ്ഥലങ്ങള്‍ പാറയായത് കൊണ്ട് വീടുകളില്‍ കിണറില്ല . ഏക ആശ്രയമായിരുന്ന ഒരു പൊതു കിണറും വറ്റി. ജല അതോറിറ്റിയുടെ പൈപ്പിൽ വെള്ളമെത്തിയിട്ട് മൂന്ന് വർഷമായി.. അങ്ങനെ പൈപ്പുകളും തകര്‍ന്നു. ഓട്ടോറിക്ഷ വിളിച്ചാണ് പലയിടത്ത് നിന്നും വെള്ളം കൊണ്ടുവരുന്നത്. വെള്ളമില്ലാത്തിടത് വാട്ടര്‍ ടാങ്ക് സബ്സിഡിയോടെ വിതരണം ചെയ്തു. പക്ഷെ അതില്‍ നിറയ്ക്കാന്‍ വെള്ളം കൊടുക്കാറില്ല.
വെള്ളമില്ലാത്തത് കാരണം വീടു നിർമാണം മുടങ്ങിയെന്ന് വീട്ടമ്മയായ വസന്ത പറഞ്ഞു. വേനലിൽ ആറ്റിലെ ജലനിരപ്പ് താണതോടെ ഇളങ്ങമംഗലം പ്രദേശത്തും ജലക്ഷാമം രൂക്ഷമായി. കിണറുകൾ വറ്റിത്തുടങ്ങിയതോടെ നിർമാണ ജോലികൾക്ക് അകലെ നിന്ന് വെള്ളം എത്തിക്കുകയാണ്. നടപടി സ്വീകരിച്ചു വരുമ്പോഴേക്കും വേനൽക്കാലം കഴിയുമെന്നതാണ് മുന്‍കാലങ്ങളിലെ അനുഭവം.
Drinking water shortage in pathanamthitta