സിഎന്‍ജി ഇന്ധനം ആവശ്യത്തിന് ലഭിക്കാത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരത്തെ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. വേളിയിലെ പ്ളാന്‍റിനും മറ്റ് ചുരുക്കം ചില പമ്പുകള്‍ക്കും മുമ്പില്‍ മൂന്നു മണിക്കൂറിലേറെ കാത്തു കിടന്നിട്ടാണ് ഇവര്‍ക്ക് ഇന്ധനം ലഭിക്കുന്നത്. ഇന്ധന ലഭ്യത ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഒാട്ടോ ഡ്രൈവര്‍മാര്‍ വേളി പ്ളാന്റിനു മുമ്പില്‍ പ്രതിഷേധിച്ചു.
പ്രകൃതി സൗഹൃദമാണ് ചെലവ് കുറവാണ് എന്നൊക്കെ കേട്ട് സി എന്‍ ജിയിലേയ്ക്ക് മാറുമ്പോള്‍ അത് കഞ്ഞികുടി മുട്ടിക്കുമെന്ന് പാവം ഈ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ അറിഞ്ഞില്ല ..ആനയറ, ഈഞ്ചക്കല്‍, വഴയില, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരം പാറ എന്നിവിടങ്ങളിലെ പമ്പുകളിലാണ് സി എന്‍ ജി ലഭിക്കുന്നത്. അവിടേയ്ക്ക് വേളി പ്ളാന്റില്‍ നിന്നും ആവശ്യത്തിന് ഇന്ധനമെത്തുന്നില്ലെന്നാണ് പരാതി.
720 സി എന്‍ ജി ഒാട്ടോകളാണ് നഗരത്തിലുളളത്. ഉളള സമയം മുഴുവന്‍ ഇന്ധനമടിക്കാനായി പമ്പിന് മുമ്പില്‍ കിടന്നാല്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. സി എന്‍ ജി യിലേയ്ക്ക് മാറാന്‍ നാഴികയ്ക്ക് നാല്പതു വട്ടം ഉപദേശിക്കുന്ന സര്‍ക്കാരിനും ഉത്തരമില്ല.