manjalikkulam

TOPICS COVERED

മൈതാനവും കളിക്കളവും എല്ലാം ഓരോ കായിക പ്രേമിയെയും വളരെയേറെ ആകർഷിക്കുന്നവയാണ്. അങ്ങനെ 4 വർഷത്തോളമായി അനാഥമായി കിടന്ന ഒരു മൈതാനം, നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ തുറന്നിരിക്കുകയാണ്. കാട് മൂടിയ തിരുവനന്തപുരം മഞ്ഞാലിക്കുളത്തെ വേലായുധൻ തമ്പി സ്റ്റേഡിയത്തിന് ഒരുപാട് താരങ്ങളെ വാർത്തെടുത്ത ചരിത്രവുമുണ്ട്. പൂട്ടി കിടന്ന കളിക്കളം സജീവമാക്കാൻ സ്പോൺസർമാർ എത്തുമെന്ന പ്രതീക്ഷയിലാണ് മൈതാനത്തെ ക്രിക്കറ്റ് ക്ലബ്‌ ഭാരവാഹികൾ. 

2021ൽ നവീകരിച്ച് ഉദ്ഘാടനം ചെയ്ത ഈ മൈതാനം ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം അന്ന് പൂട്ടിയതാണ്. പിന്നെ തുറക്കുന്നത് ഇപ്പോഴാണ്. കാരണം ചില ചില്ലറ തർക്കങ്ങളായിരുന്നു. കോർപ്പറേഷനും എസ്‌ എം വി സ്കൂൾ അധികൃതരും തമ്മിലെ തർക്കമാണ് കളിക്കളം പൂട്ടാൻ കാരണമായി. അതിൽ വഴിയാധാരമായത് 40 വർഷത്തിലേറെയായി മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന ക്രിക്കറ്റ് ക്ലബ്ബിലെ താരങ്ങളും. 

ഫാസിൽ മുഹമ്മദും രോഹൻ പ്രേമും അടക്കം ഇന്ത്യൻ ക്രിക്കറ്റിന് നിരവധി താരങ്ങളെ സംഭാവന ചെയ്ത മഞ്ഞാലിക്കുളത്തെ കിഡ്സ്‌ ക്രിക്കറ്റ് ക്ലബ് നടത്തിയ നിയമപോരാട്ടമാണ് ഇന്ന് ഈ ഗ്രൗണ്ട് തുറക്കാൻ കാരണമായത്. ഗ്രൗണ്ടിന് ചുറ്റും നടപ്പാത, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയും നശിച്ചു. 

 

സ്കൂൾ കുട്ടികളുടെ ആവശ്യത്തിന് മുൻഗണന നൽകി മൈതാനം ക്ലബ്ബിനും ഉപയോഗിക്കാം എന്നതാണ് കോടതി നിർദ്ദേശം. ക്ലബ്‌ പത്ത് ലക്ഷം രൂപ മുടക്കി നിർമിച്ച നെറ്റ്സും കോർപ്പറേഷൻ ലക്ഷങ്ങൾ മുടക്കിയ നവീകരണ പ്രവൃത്തികളും കാട് കയറി നശിച്ചു. ഇനി ഇത് പൂർവ സ്ഥിതിയിൽ ആക്കുക എന്നതാണ് ഏറ്റവും ശ്രമകരമായ ജോലി.