തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടിനായി സെക്രട്ടറിയും ഭരണസമിതിയും നടത്തിയത് വന്‍ ഗൂഡാലോചന. ബാങ്ക് കംപ്യൂട്ടറൈസേഷനും അട്ടിമറിച്ചു. ബാങ്കില്‍ നിന്നുള്ള അനധികൃത വായ്പ ഭരണസമിതിയംഗങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും നിക്ഷേപിച്ചു. നിക്ഷേപതുക തിരികെ കിട്ടാത്തതില്‍ ഇന്നലെവരെ 140 പരാതികള്‍ റജിസ്റ്റര്‍ ചെയ്തു.
സഹകരണ ഓഡിറ്റു നടക്കുമ്പോള്‍ പിടിയ്ക്കപ്പെടാതിരിക്കാനാണ് ബാങ്കിലെ കംപ്യൂട്ടറൈസേഷന്‍ അട്ടിമറിച്ചത്. സഹകരണ വകുപ്പ് പല തവണ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു. പാര്‍ടി ഇടപെട്ടിട്ടും ഫലം കണ്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയത്. ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക രണ്ടു ഭരണ സമിതിയംഗങ്ങള്‍ തമിഴ്നാട്ടിലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായുള്ള പരാതിയും പാര്‍ടിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.
ബെനാമി പേരിലും, കുടുംബാംഗങ്ങളുടെ പേരിലുമാണ് പണം നിക്ഷേപിച്ചത്. പാര്‍ട്ടിയുടെ പരിശോധനയിലും ഇക്കാര്യം ശരിയാണെന്നു കണ്ടെത്തിയതായാണ് സൂചന.ഇന്നലെ വരെയെത്തിയ 140 പരാതികളില്‍ 41 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കേസ് ഏറ്റെടുക്കണമെന്നു ജില്ലാ ക്രൈംബ്രാഞ്ചിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്. 5 കോടി രൂപയുടെ പരാതിയെത്തിയാല്‍ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും.