ജോയിയെ മരണത്തിലേക്ക് വലിച്ചുകൊണ്ടുപോയ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോടിന്‍റെ റെയില്‍വേ ടണല്‍ ശൂചീകരിച്ചു. ജോയിയുടെ ദാരുണ മരണത്തിന് പിന്നാലെ സര്‍ക്കാരില്‍ നിന്നും കരാറെടുത്ത കമ്പനി മൂന്ന് മാസം കൊണ്ടാണ് ടണല്‍ വൃത്തിയാക്കിയത്. 1,500 ക്യുബിക് ടണ്‍ മാലിന്യവും ചെളിയുമാണ് ടണലില്‍ നിന്ന് നീക്കം ചെയ്തത്.
1200 ക്യൂബിക് ടണ്‍ മാലിന്യത്തിലാണ് ജോയിയെന്ന ശൂചീകരണ തൊഴിലാളി ആണ്ടുപോയത്. ആ മനുഷ്യന്‍റെ ജീവന്‍ വേണ്ടി വന്നു ഈ മാലിന്യം തൂത്തുവാരി ടണല്‍ വൃത്തിയാക്കാന്‍. 65 ലക്ഷം രൂപ ചെലവിട്ട് മൂന്ന് മാസം കൊണ്ടാണ് 117 മീറ്റര്‍ നീളമുള്ള ടണല്‍ വൃത്തിയാക്കിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി ശുചീകരണത്തിന്‍റെ പുരോഗതി വിലയിരുത്തി. ശൂചീകരണം പൂര്‍ത്തിയാകുന്നതുവരെ ടണലിന്‍റെ ഷട്ടര്‍ താഴ്ത്തിയിരുന്നു. ടണലിനിപ്പുറം ഇപ്പോഴും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നു. ഇത് ഫില്‍റ്റര്‍ ചെയ്യാനുള്ള നെറ്റ് സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും മാലിന്യം ടണലില്‍ അടിഞ്ഞുകൂടും. ഈ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലാകും.