തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥ ഗര്‍ഭഛിദ്രം നടത്തിയിരുന്നൂവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിന്‍റെ ചികിത്സാ രേഖകള്‍ യുവതിയുടെ വീട്ടുകാര്‍ കണ്ടെടുക്കകയും പൊലീസിന് കൈമാറുകയും ചെയ്തു. അതിന്‍റെ വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗര്‍ഭഛിദ്രത്തിന് പിന്നില്‍ മറ്റൊരു യുവതിയുടെ ഇടപെടല്‍ കൂടി രംഗത്ത് വരുന്നത്. ആരാണ് അവര്‍ എന്നതിലേക്കാണ് ഇനി അന്വേഷണം. ALSO READ; 15 മാസത്തെ പ്രണയം; ഗര്‍ഭഛിദ്രം; യുവതിയുടെ അമ്മയ്ക്ക് സുകാന്തിന്‍റെ സന്ദേശം; പിന്നാലെ മരണം
2024 ജൂലായിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് ചികിത്സ തേടിയത്. ആദ്യം ആശുപത്രിയിലെത്തിയപ്പോള്‍ സുകാന്തും യുവതിയും ഒരുമിച്ചാണ് വന്നത്. ദമ്പതികള്‍ എന്നാണ് ആശുപത്രിയിലടക്കം പരിചയപ്പെടുത്തിയത്. വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തുമെല്ലാം വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് രണ്ട് തവണ ആശുപത്രിയിലെത്തിയപ്പോഴും സുകാന്ത് വന്നില്ല. പകരം സുകാന്തിന്‍റെ സുഹൃത്തായ മറ്റൊരു യുവതിയേയാണ് ഐ.ബി ഉദ്യോഗസ്ഥക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിലും നല്ല പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് ഗര്‍ഭഛിദ്രത്തിന് സഹായിച്ചതെന്നും കരുതുന്നു. പക്ഷെ ആരാണ് ഈ യുവതിയെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഐ.ബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ആശുപത്രി അധികൃതരോടെ വിശദമായി ചോദിച്ച് ഇതാരാണെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.