മാലിന്യം തള്ളുന്ന സ്ഥലത്ത് എ.ഐ ക്യാമറ സ്ഥാപിച്ച് നാട്ടുകാര്‍. പന്തളം പൂഴിക്കാട് റോഡിലെ ചിറമുടിയിലാണ് ജനകീയ കൂട്ടായ്മ കാമറ സ്ഥാപിച്ചതും വൃത്തിയാക്കിയതും. ജനം രംഗത്തിറങ്ങിയതിന് പിന്നാലെ നഗരസഭയും എംഎല്‍എയും ഒരു കോടിയുടെ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചു.
പന്തളം കായംകുളം റോഡിന് സമീപത്തെ സുന്ദരമായ പ്രദേശമായിരുന്നു ചിറമുടി. മൂന്നര ഏക്കറോളം വിശാലമായ രണ്ട് ചിറകള്‍. ചുറ്റും ചൂരലടക്കം പടര്‍ന്നുകിടക്കുന്ന വന്‍മരങ്ങളുള്ള കാവുകള്‍. സമീപത്തെ പാടത്തേക്കുള്ള വെള്ളം എത്തിയിരുന്നത് ചിറയില്‍ നിന്നായിരുന്നു. കാലക്രമത്തില്‍ ചിറ കാടുകയറി. വെള്ളം തടയാനുള്ള ബണ്ടും ഷട്ടറും തകര്‍ന്നു. പിന്നെ ഇവിടം ശുചിമുറി മാലിന്യം അടക്കം തള്ളാനുള്ള ഇടമായി.
നഗരസഭയാകട്ടെ ഇവിടെ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാനും തീരുമാനിച്ചു. നഗരസഭയില്‍ എല്ലാവരും അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ പന്തളം മഹേഷ് എതിര്‍ത്തു നിന്നു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് ചിറമുടി സംരക്ഷണ സമിതി രൂപീകരിച്ചാണ് സ്ഥലത്തെ വിശ്രമകേന്ദ്രമാക്കാന്‍ പദ്ധതിയിട്ടത്.
മൂന്നരലക്ഷത്തോളം രൂപ ചെലവിട്ടാണ് രണ്ട് എ.ഐ ക്യാമറ അടക്കം ആറ് കാമറകള്‍ സ്ഥാപിച്ചത്. ഇനി മാലിന്യം തള്ളിയാല്‍ ഉടന്‍ പിടിവീഴും. ഇതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ 50 ലക്ഷത്തിന്‍റെ പദ്ധതി പ്രഖ്യാപിച്ചു. ഒപ്പം കേന്ദ്രപദ്ധതി സഹായവുമായി നഗരസഭയും എത്തി. ചിറയടക്കം വൃത്തിയാക്കി ഒരു വിനോദ മേഖലയാക്കാനാണ് ശ്രമം.