കടലാക്രമണത്തെ തുടര്‍ന്ന് ഉറക്കം നഷ്ടമായി ആലപ്പുഴ കക്കാഴത്ത് തീരമേഖലയിലെ ജനങ്ങള്‍.
പുലിമുട്ടുകളുടേയും കടല്‍ഭിത്തിയുടേയും നിര്‍മാണം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോടെ, കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.
തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തിക്ക് മുകളിലൂടെയാണ് അതിശക്തമായ തിരമാല ആഞ്ഞടിക്കുന്നത്. താല്‍ക്കാലികമായി സ്ഥാപിച്ച ടെട്രാപോഡുകളും കടലെടുത്തു. കള്ളക്കടല്‍ പ്രതിഭാസമാണ് അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണമെന്നാണ് സൂചന. ആഞ്ഞടിക്കുന്ന തിരമാല കരയിലേക്ക് ഒഴുകിയെത്തുമ്പോള്‍ പ്രദേശ വാസികളുടെ ഉള്ളില്‍ കടലോളം ആശങ്ക നിറയും.
കടല്‍ഭിത്തി നിര്‍മാണത്തിനായി 48 കോടി രൂപയുടെ പദ്ധതിക്ക് 2021ല്‍ ടെന്‍ഡര്‍ നല്‍കിയതാണ്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കക്കാഴത്ത് നടന്ന ചടങ്ങില്‍ പ്രഖ്യാപനവും നടത്തി. എട്ട് പുലുട്ടികളും കടല്‍ ഭിത്തിയും നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല. കടല്‍ ഭിത്തിയുടെ അറ്റകുറ്റ പണിയെങ്കിലും അടിയന്തിരമായി നടന്നില്ലെങ്കില്‍ വീടുകള്‍ കടലെടുക്കുമെന്ന സ്ഥിതിയാണ്.