ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ വീണ്ടും പക്ഷി വളര്‍ത്തല്‍ ആരംഭിക്കുന്നതില്‍ തീരുമാനം വ്യക്തമാക്കാതെ സര്‍ക്കാര്‍. വളര്‍ത്തു പക്ഷികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലും ആശങ്ക തുടരുന്നു.
പക്ഷിപ്പനി ആലപ്പുഴയില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ വഴിമുട്ടിയത് നിരവധി കര്‍ഷകരുടെ ജീവിതമാര്‍ഗമായിരുന്നു. പനി ബാധിച്ചും കള്ളിങ്ങ് നടത്തിയും പതിനായിരക്കണക്കിന് കോഴികളെയും താറാവുകളെയും കര്‍ഷകര്‍ക്ക് നഷ്ടമായി. 2025 മാര്‍ച്ച് 31 വരെ പുതിയ പക്ഷികളെ വളര്‍ത്തുന്നതില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തുമെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നത്. സാധാരണ പക്ഷിപ്പനി ബാധിച്ച ഇടങ്ങളില്‍ കള്ളിങും അണുനശീകരണവും നടത്തി മൂന്നുമാസത്തിന് ശേഷം വീണ്ടും പക്ഷി വളര്‍ത്തല്‍ ആരംഭിക്കാം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എത്താത്തതോടെ പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
കള്ളിങ്ങിന് വിധേയമായും പനിബാധിച്ചും നഷ്ടമായ പക്ഷികള്‍ക്ക് പകരമായി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും തീരുമാനമായില്ല. നഷ്ടപരിഹാരത്തിനായി കണക്കെടുപ്പ് പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. വരുമാന മാര്‍ഗം നിലച്ച കര്‍ഷകര്‍ക്ക് ഓണത്തിന് മുന്‍പായി നഷ്ടപരിഹാര തുക ലഭ്യമാക്കണമെന്നാണ് ആവശ്യം.