അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. അരൂർ ക്ഷേത്രത്തിന് സമീപം ഇന്നലെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ മരിച്ചതടക്കം നിർമാണമേഖലയിൽ ഇതുവരെ പൊലിഞ്ഞത് 28 പേരുടെ ജീവനാണ്. അശാസ്ത്രിയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ഉയരപ്പാതയുടെ നിർമാണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് തിരിച്ചറിഞ്ഞാണ് വിഷയത്തിൽ ഹൈക്കോടതി ഇടപ്പെട്ടത്. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല എന്നതിന് തെളിവാണ് തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ. റോഡിൻ്റെ ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് നിർമാണം നടക്കുന്നതിനാൽ വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുസഹമാണ്. ഒപ്പം ഇരുവശവും ചെളിക്കെട്ടി കിടക്കുന്നത് കാൽ നടയാത്രക്കാരെയും അപകടത്തിലാക്കുന്നു. ഇതാണ് ഇന്നലെ എഴുപുന്ന സ്വദേശിയായ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയതും. അരൂർ മുതൽ തുറവൂർ വരെയുള്ള പന്ത്രണ്ട് കിലോമീറ്റർ ദൂരത്തിൽ ഒന്നര വർഷത്തിനിടെ വാഹനാപകടത്തിൽ നിരവധി പേർക്കാണ് പരുക്കേറ്റത്.

ഹൈക്കോടതി നിർദേശപ്രകാരം ഗതാഗത നിയന്ത്രണത്തിന് പൊലിസുകാരുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് ആരോപണം. കുണ്ടും കുഴികളും നിറഞ്ഞ റോഡിൽ വഴി വിളക്കില്ലാത്തത് രാത്രി കാല യാത്രയ്ക്ക് വെല്ലുവിളിയാണ്. ചന്തിരൂർ ഭാഗത്ത് മൂടിയില്ലാത്ത കാനകളിൽ വാഹനങ്ങൾ കുടുങ്ങുന്നതും പതിവാണ്.

Road accidents continue to be a story in the Aroor-Thuravoor elevated highway construction area: