TOPICS COVERED

ആലപ്പുഴയില്‍ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ചതോടെ വള്ളംകളി ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചു. പ്രാദേശിക വള്ളംകളികള്‍ കൂടി മുന്നില്‍ കണ്ടാണ് ക്ലബ്ബുകളുടെ പരിശീലനം.  

പുന്നമടയില്‍ വീണ്ടും വള്ളംകളി ആവേശം നിറയുകയാണ്. കാരിച്ചാല്‍ ചുണ്ടനില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് വീണ്ടും പരിശീലനം ആരംഭിച്ചു. വരുംദിവസങ്ങളില്‍ മറ്റ് ക്ലബ്ബുകളുടെ തുഴച്ചിലുകാരും പരിശീലനം ആരംഭിക്കും.

അപ്പര്‍ കുട്ടനാട്, പായിപ്പാട്, മാന്നാര്‍ വള്ളംകളികള്‍ കൂടി മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ പരിശീലനം. അതിനാല്‍ പ്രാദേശിക വള്ളംകളികള്‍ക്ക് പിന്നാലെ എത്തുന്ന നെഹ്റു ട്രോഫിക്ക് ഇത്തവണ തുഴച്ചിലുകാര്‍ക്ക് അധികം പരിശീലനം വേണ്ടി വരില്ല. അതേസമയം സിബിഎല്‍ നടത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കത്തിലാണ് ക്ലബ്ബുകള്‍. സിബിഎല്‍ ഇല്ലെങ്കില്‍ ഭാരിച്ച നഷ്ടമാണ് ക്ലബ്ബുകള്‍ക്ക് ഉണ്ടാകുക. 

ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും നെഹ്റു ട്രോഫിക്ക് ചിലവേറും. താല്‍ക്കാതിക പവലിയനും, ട്രാക്കുകള്‍ക്കായി കായലില്‍ നാട്ടിയ കുറ്റികളുമെല്ലാം നശിച്ചിരുന്നു. ഇവയെല്ലാം വീണ്ടും ഒരുക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പുനരാരംഭിച്ചിട്ടുണ്ട്. നിര്‍ത്തിവച്ച വള്ളംകളി പ്രചാരണവും വൈകാതെ സജീവമാകും.