കുട്ടനാട് എംഎൽഎ തോമസ്.കെ.തോമസിനെ ഒരിക്കലും മന്ത്രിയാക്കരുതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് പ്രതിനിധികൾ ആവശ്യമുയർത്തി. സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ചർച്ചയിൽ യു.പ്രതിഭ എംഎല്‍എ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി. കുട്ടനാട്ടിൽ നിന്നുള്ള പ്രതിനിധികളാണ് സിപിഎം സമ്മേളനത്തിലെ ചർച്ചയിൽ തോമസ് കെ തോമസിനെതിരെ തിരിഞ്ഞത്.
ഒരു കാരണവശാലും തോമസ് കെ തോമസിനെ മന്ത്രിയാക്കരുത്. കുട്ടനാടിനെക്കുറിച്ചും കേരളത്തെക്കുറിച്ചും ഒരു ധാരണയുമില്ലാത്ത ആളാണ് തോമസ് കെ തോമസ്. സർക്കാർ വികസന പദ്ധതികൾ പോലും കുട്ടനാട്ടിൽ നടപ്പാക്കുന്നില്ല. പതിനേഴ് രക്തസാക്ഷികൾ കുട്ടനാട്ടിൽ സിപിഎമ്മിനുണ്ട്. രക്തസാക്ഷികളുടെ മണ്ണായ കുട്ടനാട്ടിൽ സിപിഎം മൽസരിക്കണമെന്നും ഒരു സ്വാധീനവുമില്ലാത്ത എന്‍സിപിക്ക് ഇനിയും സീറ്റ് നൽകരുതെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സിപിഎമ്മിന്‍റെ തണലിൽ വളരുകയും പ്രതിസന്ധി ഘട്ടത്തിൽ തള്ളിപ്പറയുകയും ചെയ്യുന്നു എന്നതായിരുന്നു സിപിഐക്കെതിരെ സമ്മേളനത്തിൽ ഉയർന്ന വിമർശനം. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പുകൾ പലതും സിപിഐ മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പുകളുടെ പ്രവർത്തന വൈകല്യത്തിന്‍റെ പേരിൽ സർക്കാരാകെ പഴി കേൾക്കുന്നു എന്ന വിമർശനവും ഉയർന്നു. കായംകുളം എംഎൽഎ യു.പ്രതിഭ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നുവെന്നും ചില മാധ്യമങ്ങൾക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തതിനാൽ ചർച്ചകളിൽ കാര്യമായ വിമർശനങ്ങൾ ഉണ്ടായില്ല. നാളെ പ്രകടനത്തോടെ സമ്മേളനം അവസാനിക്കും.