ദേശീയപാതയുടെ വികസനത്തിനായ് റോഡ് പൊളിച്ചതോടെ ആലപ്പുഴ അമ്പലപ്പുഴയിലുടെയുള്ള യാത്രയ്ക്ക് ദുരിതമേറുന്നു. റോഡിലെ കുണ്ടും കുഴിയിലും വീണ് നിരവധി വാഹനങ്ങളാണ് ദിവസേന അപകടത്തില്‍പ്പെടുന്നത്. രൂക്ഷമായ പൊടിശല്യവും യാത്രാ ക്ലേശം ഇരട്ടിയാക്കുകയാണ്.
അമ്പലപ്പുഴ മുതൽ ആലപ്പുഴയിലേക്കുള്ള 6 കിലോമീറ്റർ ദേശീയപാതയാണ് തകർന്നടിഞ്ഞത്. കഴിഞ്ഞ മാസങ്ങളിൽ പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട കുഴികൾ വലിയ ഗർത്തമായി മാറി. പരാതികൾ വ്യാപകമായതിനെത്തുടർന്ന് ചിലയിടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം കുഴികൾ പഴയ പടിയായി. ദേശീയ പാതയുടെ നിർമാണം നടക്കുന്നതിനാൽ പലയിടത്തും റോഡ് പൊളിച്ചിട്ടിരിക്കുന്നതും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
പൊടി ശല്യവും രൂക്ഷം. കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. ഇരു ചക്ര വാഹനയാത്രക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. മുൻ വർഷങ്ങളിൽ കാലവർഷാരംഭത്തിന് മുൻപ് ദേശീയ പാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഇത്തവണ പണി നടത്തിയിട്ടില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ടാറ് ഇളകി മാറി മെറ്റലുകൾ മാത്രമായ റോഡിൽ ജീവനും കൈപ്പിടിച്ചാണ് യാത്ര.