നെഹ്റു ട്രോഫി വള്ളംകളി ഫൈനല്‍ വിധി നിര്‍ണയത്തിനെതിരായ പരാതിയില്‍ അന്തിമതീരുമാനം വൈകും. കൂടുതൽ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാനുണ്ടെന്ന് എന്‍ടിബിആര്‍ ചെയർമാൻകൂടിയായ ആലപ്പുഴ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബും കുമരകം ടൗൺ ബോട്ട് ക്ലബുമാണ് പരാതി നല്‍കിയത്.
കൈനകരി വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ് , ചുണ്ടൻവള്ള സമിതി പ്രതിനിധികൾ എന്നിവരിൽ നിന്ന് അപ്പീൽ കമ്മിറ്റി പരാതിക്കാധാരമായ തെളിവുകളും ദൃശ്യങ്ങളും ശേഖരിച്ചു. അമ്പയർമാർ, ജഡ്ജസ് , സ്റ്റാർട്ടർമാർ, സംഘാടക സമിതി പ്രതിനിധികൾ എന്നിവരുടെ അഭിപ്രായങ്ങളും തേടി . ക്ലബുകൾ ഹാജരാക്കിയ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമായതു കൊണ്ടാണ് തീർപ്പ് വൈകുന്നത്. പരാതികൾ കേട്ട ശേഷം എന്‍ടിബിആര്‍ സൊസെറ്റി ചെയർമാനായ കലക്ടറുടെ അധ്യക്ഷതയിൽ ജൂറി ഓഫ് അപ്പീൽ, ടെക്നിക്കൽ കമ്മിറ്റി പ്രതിനിധികൾ, എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവർ യോഗം ചേർന്നു.
ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ കാരിച്ചാൽ ചുണ്ടൻ 0.005 മില്ലി സെക്കന്‍റിന്‍റെ വ്യത്യാസത്തിലാണ് വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്. കൂടിയാലോചനകളില്ലാതെ തിടുക്കത്തിൽ ഫലം പ്രഖ്യാപിച്ചു എന്നാണ് വിബിസിയുടെ പരാതി. സ്റ്റാർട്ടിങ്ങിലെ പിഴവ് കാരണം തങ്ങൾക്ക് ട്രോഫി നഷ്ടമായി എന്നാണ് കുമരകം ടൗൺ ബോട്ട് ക്ലബിന്‍റെ ആക്ഷേപം.