ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന് നിത്യസ്മാരകമായി ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ക്ലിനിക്ക്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സർജൻസി സേവനം ചെയ്യുമ്പോഴാണ് വന്ദനയ്ക്ക് ജീവൻ നഷ്ടമായത്. ഡോ. വന്ദനയുടെ ഓർമകൾ തുടിച്ചു നിന്ന അന്തരീക്ഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്ക് തൃക്കുന്നപ്പുഴ ഗ്രാമത്തിന് സമർപ്പിച്ചു.
ഡോക്ടറായി നാട്ടിലെ സാധാരണക്കാര്‍ക്കിടയിൽ പ്രവർത്തിക്കണമെന്നായിരുന്നു MBBS പഠനം തുടങ്ങിയപ്പോൾ മുതൽ വന്ദനയുടെ ആഗ്രഹം. ആ ആഗ്രഹത്തിന് പരോക്ഷമായെങ്കിലും പൂർത്തീകരണമായി. അക്രമിയുടെ കൊലക്കത്തി അകാലത്തിൽ ജീവനെടുത്തെങ്കിലും വന്ദനയുടെ സ്വപ്നം മാതാപിതാക്കൾ സഫലമാക്കുകയായിരുന്നു. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് തനിക്ക് ഒന്നും പറയാനില്ല എന്ന വാചകം പൂർത്തിയാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വികാരാധീനനായി.
Also Read; ഒറ്റ രാത്രി കൊണ്ട് കിണറിലെ വെള്ളം അപ്രത്യക്ഷം; അത്ഭുതം, ആശങ്ക
വന്ദനയുടെ സഹപാഠികളും ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ക്ലിനിക്കിനോടു ചേർന്നുള്ള പ്രാർത്ഥനാ ഹാൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കിന്‍റെ മുന്നിലെ റോഡ് എംഎല്‍എ ഫണ്ടുപയോഗിച്ച് നവീകരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കാൻസർ രോഗ നിർണയത്തിനുള്ള മെഡിക്കൽ ക്യാംപ് നടത്തുമെന്ന് ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു.
വന്ദനയുടെ അമ്മയുടെ ജൻമനാടായ ത്യക്കുന്നപ്പുഴ വലിയ പറമ്പിൽ മേടയിൽ കുടുംബ വീട്ടിലാണ് ക്ലിനിക്. മിതമായ നിരക്കിൽ മികച്ച ചികിൽസ എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് സ്ഥാപിച്ചതെന്ന് മാതാപിതാക്കളായ കെ.ജി മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശമ്പളം വീട്ടുകാർ തന്നെയാണ് നൽകുന്നത്.