നിലമൊരുക്കുന്ന കര്‍ഷകരും ഉഴുന്ന കാളകളുമൊക്കെ ഒരു കാലത്തെ ഗ്രാമഭംഗിയുടെ അടയാളമായിരുന്നു. സിനിമകളില്‍ പോലും നിറഞ്ഞുനിന്നിരുന്ന ആ ഫ്രെയിമുകള്‍ ട്രാക്ടറും ട്രില്ലറുമൊക്കെ വന്നതോടെ ഓര്‍മയായിമാറി. എന്നാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ കാഴ്ചകളില്‍ മനോഹരിയാകുന്ന ഒരു പാടം ഇന്നും അപ്പര്‍ കുട്ടനാട്ടിലെ എടത്വയിലുണ്ട്. മങ്കോട്ട പാഠശേഖരത്തെ കാഴ്ചയിലേക്ക്.
വേനല്‍ ചൂടേറ്റ് വരണ്ടുണങ്ങിയ കൃഷിഭൂമിയിലേക്ക് മഴയെത്തുമ്പോഴേക്കും കൃഷി തുടങ്ങണം. നിലമുഴലാണ് ആദ്യപടി. പ്രത്യേക ആകൃതിയില്‍ തടി ചെത്തിയൊരുക്കിയ കലപ്പ. രണ്ടു കാള അല്ലെങ്കില്‍ രണ്ടു പോത്ത്. പിന്നെ തൊഴിലാളിയുടെ വൈദഗ്ധ്യം. അതിലേറെ അധ്വാനം.
വാടകയ്ക്കെടുത്താണ് കന്നുകാലികളെ പാടത്തെത്തിക്കുന്നത്. ഈ ചിലവ് താങ്ങാനാകുന്നതിലും അധികമെന്ന് കര്‍ഷകര്‍. പരമ്പരാഗത പാത പിന്തുടരുന്നതിനാല്‍ മാത്രം ഈ തൊഴില്‍ തുടര്‍ന്നുപോകുന്നവരാണ് പലരും. തീറ്റണം, പണികഴിഞ്ഞ് കൊണ്ടുപോയില്ലെങ്കില്‍ വീണ്ടും തീറ്റണം, വേറെ പണിക്ക് പോകാന്‍ പറ്റില്ല.
യന്ത്രവല്‍കൃതലോകത്ത് കന്നുകാലികള്‍ക്ക് സ്ഥാനമില്ല. സമയവും ചിലവും അധ്വാനവും നോക്കുമ്പോള്‍ മെച്ചപ്പെട്ടത് ട്രാക്‌ടറും ട്രില്ലറുമൊക്കെ തന്നെയാണ്. പക്ഷേ ഈ കാഴ്ചകള്‍ ഇവിടം അടയാളപ്പെടുത്തട്ടെ.