2030 ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി 30 ലക്ഷത്തിലധികം തെരുവ് പട്ടികളെ കൊന്നൊടുക്കാന്‍ മൊറോക്കോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തോട് വിനോദ സഞ്ചാരികള്‍ക്കുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിന് മനുഷ്യത്വരഹിതമായ രീതിയില്‍ കൊന്നൊടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
വിഷം കലർത്തിയും പൊതുസ്ഥലങ്ങളിൽ നായ്ക്കളെ വെടിവെച്ചും കൊലപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടുന്ന നായകളെ അടിച്ച് കൊല്ലുന്നതാണ് മൊറോക്കോ പിന്തുടരുന്ന രീതി. നായകളെ പിടികൂടി രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കൊലപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ 30 ലക്ഷം തെരുവ് നായകളെങ്കിലും കൊല്ലപ്പെടുമെന്നാണ് ഇന്‍റര്‍നാഷണല്‍ ആനിമല്‍ വെല്‍ഫെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ കോളിഷൻ വ്യക്തമാക്കുന്നത്.
2024 ഓഗസ്റ്റ് മുതല്‍ പട്ടിപിടിത്തം നിർത്തിവച്ചതായി മൊറോക്കൻ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യാന്തര പ്രതിഷേധം ശക്തമാണ്. അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രമുഖ മൃഗാവകാശ പ്രവര്‍ത്തകനായ ജെയ്ൻ ഗൂഡാൽ ഫിഫയ്ക്ക് കത്തെഴുതി. മൊറോക്കോയില്‍ നടക്കുന്ന ക്രൂരതയ്ക്കെതിരെ സംഘടന കണ്ണടയ്ക്കുകയാണെന്ന് ഗൂഡാല്‍ ആരോപിച്ചു.
മൊറോക്കോയില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെങ്കിലും പ്രാദേശിക ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടപടികള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഫിഫാ ലോകകപ്പിന്‍റെ 100–ാം വാര്‍ഷികമായ 2030 തില്‍ സ്പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്നാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
വേദികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊറോക്കോ ഇതിനോടകം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെയും യാത്ര സംവിധാനങ്ങളുടെയും അറ്റകുറ്റപണിയാണ് നടക്കുന്നത്.