ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ ഉണ്ണിയേശുവിന് പിറക്കാനുള്ള നൂറുകണക്കിന് പുൽക്കൂടുകൾ ഒരുക്കുകയാണ് ചേർത്തല കളവം കോടത്തെ വി.എസ് പീറ്ററും സഹപ്രവർത്തകരും. കളവംകോടംബിഷപ് മൂർ സ്‌കൂളിനു സമീപമുള്ള ഹാന്‍റി ക്രാഫ്റ്റ് കമ്പനിയിൽ പീറ്ററിന്‍റെ നേതൃത്വത്തിൻ ആയിരക്കണക്കിന് ചെറുതും വലുതുമായ പുൽക്കൂടുകൾ തയാറായിക്കഴിഞ്ഞു. അസമിൽ നിന്നും വൻതോതിൽ ചൂരൽ എത്തിച്ചാണ് പുൽക്കൂടുകൾ നിർമ്മിക്കുന്നത്.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മൂന്നുമാസം മുൻപു പുൽക്കൂടുകളുടെ നിർമാണം ആരംഭിച്ചത്. 2000 ഓളം പുൽക്കൂടുകൾ ഇതിനോടകം പൂർത്തിയായി. പുതുതായി രണ്ടായിരത്തിലധികം പുൽക്കൂടുകൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. അസമിൽ നിന്ന് കരാർ ഉറപ്പിച്ച് കാടുകളിൽ നിന്ന് വെട്ടിയെടുക്കുന്ന ചൂരൽ നാട്ടിലെത്തിച്ചാണ് നിർമാണം. പല അളവുകളിൽ നാല് ചുവരുകളും താഴെ ഹാർഡ് ബോർഡുമാണ് പുൽക്കൂടിന് ഉപയോഗിക്കുന്നത്. മൂന്നു വർഷമായി കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിലാണ് വിപണനം. എന്നാൽ ഇത്തവണ തമിഴ്നാട്ടിൽ നിന്നും പുൽക്കൂടിന് ആവശ്യക്കാർ എത്തിയിട്ടുണ്ട്.
ഒരടി മുതൽ മൂന്നടി വരെ വലുപ്പമുള്ള പുൽക്കൂടുകളാണ് നിർമിക്കുന്നത്. ഇതിനു പയോഗിക്കുന്ന ആണി വിദേശനിർമ്മിതമാണ്. പതിനഞ്ച് വർഷത്തോളം പുൽക്കൂട് കേടാകാതിരിക്കും എന്നതാണ് പീറ്ററിന്റെ ഉറപ്പ്.
ദേവാലയങ്ങളിലേക്കും ആവശ്യക്കാർക്കും നിർദേശിക്കുന്ന അളവിലും വലുപ്പത്തിലും പുൽക്കൂടുകൾ നിർമിച്ചു നൽകുന്നുണ്ട്.
ആവശ്യക്കാർക്ക് പുൽക്കൂട്ടിൽ വയ്ക്കുന്നതിനുള്ള വൈക്കോലും ഇവിടെ നിന്നും നൽകും. അതിഥി തൊഴിലാളികൾ അടക്കം എട്ടോളം എട്ടോളം പേരാണ് നിർമാണ പ്രവൃത്തികൾ ചെയ്യുന്നത്. 450 രൂപ മുതൽ വലുപ്പം അനുസരിച്ചാണു പുൽക്കൂടിനു വിലയിടുന്നത്. തമിഴ്നാട്ടിലെ സീഫുഡ് കമ്പനിയിൽ 40 വർഷം ജോലി ചെയ്ത പീറ്റർ അഞ്ചുവർഷം മുൻപാണ് നാട്ടിലെത്തി ഹാന്‍റിക്രാഫ്റ്റ് നിർമാണ കമ്പനി ആരംഭിച്ചത്.