ആയിരത്തിലധികം വിനോദസഞ്ചാരികള്‍ എത്തുന്ന കൊല്ലം ബീച്ചിന് സമീപമുളള മറൈന്‍ അക്വേറിയം കാടുകയറി നശിക്കുന്നു. മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍മിച്ച കെട്ടിട സമുച്ചയമാണ് ഇല്ലാതാകുന്നത്. വിലപിടിപ്പുളള അലങ്കാരമീനുകളൊക്കെ എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.
തിരക്കേറിയ കൊല്ലം ബീച്ചിന് സമീപം ഇത്രയും മനോഹരമായ സ്ഥലത്താണ് ഇതിങ്ങനെ കാടുകയറി ഇല്ലാതാകുന്നത്. നല്ലൊരു പദ്ധതിപോലും നടപ്പാക്കാന്‍ കഴിയാത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും. 2014 ല്‍ കെട്ടിട നിര്‍മാണം തുടങ്ങി ഇതിനോടകം ഒന്നരക്കോടി ചെലവാക്കിയെന്നാണ് വിവരം. 2019 ജൂലൈയില്‍ അന്ന് മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടിയമ്മയാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. കോര്‍പ്പറേഷനിലെ സാധനങ്ങള്‍ സൂക്ഷിക്കാനൊരിടം പോലെ ഇതിനെ മാറ്റിയതുപോലെ. ഇതിനുളളിലുണ്ടായിരുന്ന പതിനെട്ട് ഇനം വന്‍ വിലയുളള അലങ്കാരമല്‍സ്യങ്ങളൊക്കെ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
കോവിഡ് വന്നതാണ് പ്രതിസന്ധിയായതെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. കോവിഡ് കൊല്ലത്ത് മാത്രമാണോ വന്നത്. പൂട്ടിപ്പോയ സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ലേ. സ്ഥാപനം ഇല്ലാതായതിലൂടെ ഉണ്ടായ നഷ്ടത്തിന് ആരാണ് ഉത്തരം പറയുക. അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.