കൊല്ലം കൊട്ടാരക്കര നെടുവത്തൂരില്‍ തുടങ്ങാനിരുന്ന സംഭരണവിതരണകേന്ദ്രം ചുമട്ടുതൊഴിലാളി തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചതായി പവിഴം റൈസ് ഗ്രൂപ്പ്. കയറ്റിറക്കിന് യന്ത്രവൽകൃത സംവിധാനം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന എഐടിയുസി തൊഴിലാളികളുടെ നിലപാടാണ് പ്രതിസന്ധിയായതെന്ന് പവിഴം ഗ്രൂപ്പ് ചെയർമാൻ എൻപി ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം ലോഡ് ഇറക്കാനെങ്കിലും  അനുവദിക്കണമെന്നതാണ് ആവശ്യമെന്ന് എഐടിയുസി നേതാക്കളുടെ വിശദീകരണം.  

കൊട്ടാരക്കര നെടുവത്തൂരില്‍ കഴിഞ്ഞ ഞായര്‍ വൈകിട്ട് ഉദ്ഘാടനം നടത്താനിരുന്ന പവിഴം റൈസ് ഗ്രൂപ്പിന്റെ ഭക്ഷ്യസാധനങ്ങളുടെ സംഭരണവിതരണ കേന്ദ്രമാണ് പവിഴം ഗ്രൂപ്പ് ഉപേക്ഷിച്ചത്. സ്ഥാപനത്തില്‍ കയറ്റിറക്കിന് യന്ത്രവൽകൃത സംവിധാനമാണ്. സാങ്കേതിക പരിജ്ഞാനമുളള കമ്പനിയിലെ തൊഴിലാളികള്‍ക്ക് മാത്രമേ യന്ത്രസംവിധാനം പ്രവർത്തിപ്പിക്കാനാകു. ഇത് അനുവദിക്കില്ലെന്ന എെഎടിയുസി ചുമട്ടുതൊഴിലാളികളുടെ നിലപാട് പ്രതിസന്ധിയായെന്ന് പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. ജനപ്രതിനിധികളോടും, രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുമൊക്കെ അറിയിച്ചെങ്കിലും അനുകൂല നിലപാട് ലഭിച്ചില്ലെന്ന് പരാതി.

     

അതേസമയം വര്‍ഷങ്ങളായി ഇവിടെ തൊഴിലെടുക്കുന്നവരും തൊഴില്‍വകുപ്പിന്റെ കാര്‍ഡുളളവരുമായ ചുമട്ടുതൊഴിലാളികളെ ലോഡ് ഇറക്കാനെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് എെഎടിയുസി നേതൃത്വം.പ്രശ്നംപരിഹരിക്കാന്‍ പൊലീസും, തൊഴില്‍വകുപ്പും, ക്ഷേമനിധി ഒാഫീസ് ഉദ്യോഗസ്ഥരും ഇടപെട്ടാണ്.  കൊട്ടാരക്കരയില്‍ അസിസ്റ്റന്റ് ലേബര്‍ ഒാഫീസര്‍ വീണ്ടും ചര്‍ച്ച നടത്തും.

ENGLISH SUMMARY:

Pavizham Rice Group has abandoned its planned storage and distribution center at Neduvathur due to labor dispute