കൊല്ലം ഭരണിക്കാവിൽ നാലു കോടി രൂപ മുടക്കി നിർമിച്ച കെട്ടിടത്തിനു നമ്പർ ലഭിക്കാത്തതിനാൽ ഉടമസ്ഥരായ പ്രവാസി സഹോദരങ്ങൾ വലയുന്നു. ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രതിസന്ധിയായത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചെങ്കിലും കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിൽ തീരുമാനമായിട്ടില്ല.
ശാസ്താംകോട്ട പോരുവഴി ചരുവിള വീട്ടിൽ അനീഷ്, അൻസർ, അനസ് എന്നീ സഹോദരങ്ങളാണ് ഭരണിക്കാവ് കടപുഴ റോഡിന്റെ വശത്തായി വാണിജ്യ ആവശ്യത്തിനായി മൂന്നുനില കെട്ടിടം നിർമിച്ചത്. മൂന്നു വർഷം മുൻപ് ശാസ്താംകോട്ട പഞ്ചായത്ത് നൽകിയ അനുമതി പ്രകാരമായിരുന്നു നിർമാണം. നിർമാണം പൂർത്തിയായപ്പോൾ കെട്ടിടത്തിന് നമ്പർ ലഭിക്കാനായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ്
ഉടമസ്ഥരായ പ്രവാസി സഹോദരങ്ങൾ വെട്ടിലായത്. ചട്ടലംഘനം ഉള്ള പ്ലാനിനാണ് അന്ന് അനുമതി നൽകിയതെന്നും കെട്ടിടത്തിന് നമ്പർ തരാനാവില്ലെന്നുമാണ് അന്ന് പ്ലാൻ പരിശോധിച്ച് നിർമാണ അനുമതി നൽകിയ അതേ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞത്
തദ്ദേശ അദാലത്തിൽ മന്ത്രി എംബി രാജേഷും വിഷയം വിശദമായി പരിശോധിച്ചതാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് മന്ത്രിയും സമ്മതിച്ചു. അസിസ്റ്റന്റ് എൻജിനീയർക്കും പ്ലാൻ വരച്ച ലൈസൻസിക്കും എതിരെ നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തു. പക്ഷേ കെട്ടിടത്തിന് എന്ന് കെട്ടിടനമ്പർ ലഭിക്കുമെന്ന് ആരും പറയുന്നില്ല. പ്രത്യേക സർക്കാർ ഉത്തരവിലൂടെ നമ്പർ നൽകണമെന്നാണ് കെട്ടിട ഉടമസ്ഥരുടെ ആവശ്യം.