കൊല്ലം മെമു ഷെഡിന്‍റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലത്തെച്ചൊല്ലി കോര്‍പറേഷനുമായുളള തര്‍ക്കം പരിഹരിക്കാന്‍ നടപടി തുടങ്ങി. റെയില്‍വേയും കോര്‍പറേഷനും പരസ്പരം ഭൂമി കൈമാറി പ്രശ്നം പരിഹരിക്കാനാണ് കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്.
പതിനാറു കോച്ചുകള്‍ വരെയുളള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് മെമു ഷെഡ് വികസനം അനിവാര്യമാണ്. നിലവില്‍ ഒന്‍പതു കോച്ചുകൾക്കായുള്ള പിറ്റ്‌ലൈൻ മാത്രമാണ് ഇവിടെയുളളത്. മെമു ഷെഡ് വികസനം നേരത്തെ തുടങ്ങിയതാണെങ്കിലും റെയില്‍വേയുടെ സ്ഥലത്തോട് ചേര്‍ന്നുകിടന്ന കൊല്ലം കോര്‍പറേഷന്റെ ഭൂമി റെയില്‍വേയ്ക്ക് ലഭിച്ചാലേ പദ്ധതി പൂര്‍ത്തിയാവുകയുളളു. പ്രശ്നം പരിഹരിക്കാന്‍ കോര്‍പറേഷന്‍റെ സ്ഥലം റെയില്‍വേയ്ക്ക് കൈമാറും. പകരം നഗരത്തിലെ പുളളിക്കട കോളനിയിലെ റയില്‍വേയുടെ സ്ഥലം കോര്‍പറേഷന് കൈമാറുന്നതിനാണ് ധാരണ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വേ ഉള്‍പ്പെടെ തുടങ്ങി. ജനപ്രതിനിധികളും കലക്ടറും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
പുളളിക്കട കോളനിയില്‍ റെയില്‍വേയ്ക്ക് രണ്ട് ഏക്കര്‍ സ്ഥലമാണുളളത്. മെമു ഷെഡിന് സമീപം കൊല്ലം കോര്‍പറേഷനുളളത് ഒരേക്കര്‍ പതിമൂന്നു സെന്റ് ഭൂമിയും. കഴിഞ്ഞദിവസം കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ പ്രത്യേകം യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തി. എന്‍കെ പ്രേമചന്ദ്രന്‍ എംപിയും, മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുളളവരും പങ്കെടുത്തിരുന്നു.