നട്ടെല്ലിനെ ബാധിച്ച അപൂര്‍വ രോഗത്തില്‍നിന്ന് മുക്തി നേടി ജീവിത ലക്ഷ്യത്തിലേക്ക് പറന്നുയരാന്‍ ഒരുങ്ങി ഷെറിന്‍. കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ 2017ല്‍ നടന്ന ശസ്ത്രക്രിയയിലൂടെ നട്ടെല്ലിനുണ്ടായ രോഗം പരിഹരിച്ചെങ്കിലും സാധാരണ ജീവിതത്തിലേക്കെത്താന്‍ പറവൂര്‍ സ്വദേശി ഷെറിന് ഏഴുവര്‍ഷം വേണ്ടിവന്നു. എം.ബി.ബി.എസിന് പ്രവേശനം നേടി പഠനത്തിനൊരുങ്ങുന്ന ഷെറിനെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി ചൂണ്ടിക്കാട്ടുകയാണ് ഡോക്ടര്‍മാര്‍.
നട്ടെല്ലിന്റെ മധ്യഭാഗത്തെ കശേരുക്കള്‍ പൂര്‍ണമായി രൂപപ്പെടാതെയാണ് ഷെറിന്‍ ജനിച്ചത്. അപൂര്‍വ രോഗമായ കൈഫോകോളിയോസിസ് കൂടി ബാധിച്ചതോടെ കാലുകള്‍ ബലഹീനമായി. ജീവിതം വീല്‍ച്ചെയറിലായി. ചികില്‍സകള്‍ പലവഴിക്ക് തുടര്‍ന്നു. പതിമൂന്നാം വയസിലാണ് ലേക്ഷോറിലെ ഡോക്ടര്‍മാരുടെ അടുക്കലേക്ക് ഷെറിന്‍ എത്തുന്നത്.
ശസ്ത്രക്രിയയിലൂടെ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം കിട്ടി. അതിന് പ്രചോദനമായത് ചികില്‍സിച്ച ഡോക്ടര്‍മാരെന്ന് പറയുന്നു ഷെറിന്‍. രോഗത്തെ അതിജീവിക്കുക മാത്രമല്ല. ആ വഴിയില്‍ ഏറെ ബുദ്ധിമുട്ടി പഠനം തുടര്‍ന്നിരുന്നു ഷെറിന്‍. ചികില്‍സിച്ച ഡോക്ടര്‍മാരിലും ഊര്‍ജം നിറച്ചു ഷെറിന്‍. രോഗവും മാനസികസംഘര്‍ഷങ്ങളുമൊക്കെയായി ബുദ്ധിമുട്ടുന്ന ഒട്ടനവധി പേര്‍ക്ക് പ്രചോദനമായി ഷെറിന്‍ മാറിയത് ഡോക്ടര്‍മാര്‍ കണ്ടു. ഈ പുഞ്ചിരി ഇനിയും ഒരുപാടുപേരിലേക്ക് പരക്കട്ടെ.