TOPICS COVERED

കൊല്ലം ആസ്ഥാനമായ സ്ഥാപനത്തിന്‍റെ ചെന്നൈ ശാഖയിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരൻ പിടിയിലായി.  സെയിൽസ് മാനേജറായ കിളികൊല്ലൂർ സ്വദേശി  പ്രവീൺരാജ് ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

2023 ഓഗസ്റ്റ് ഒന്നു മുതൽ 2024 ജൂലൈ 31 വരെയുള്ള കാലയളവിലാണ് പ്രവീൺരാജ് തട്ടിപ്പ് നടത്തിയത്. ഇരുപത്തിയൊൻപത് ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്.  വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്ത ശേഷം പണം സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറാതെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

മൂന്നുമാസം മുൻപ് സ്ഥാപനത്തിലെ ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ്  തട്ടിപ്പ് പുറത്തുവന്നത്.  അക്കൗണ്ടിൽ പണം ലഭിക്കാത്തതിനെ പറ്റി അന്വേഷിച്ചപ്പോൾ കടകളിൽ നിന്ന് നൽകുന്നില്ലെന്നാണ് ആദ്യം മറുപടി നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇയാളുടെ ബാങ്ക് സേറ്റ്മെന്റ് ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. 

വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് പണം ചെലവഴിച്ചിരുന്നത്.  അഞ്ചുവർഷം മുൻപാണ് പ്രവീൺ രാജ് സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. പൊലീസ് സ്റ്റേഷനിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ്  നടത്താൻ മറ്റാരെങ്കിലും കൂട്ട് നിന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

29 lakhs was stolen from the institution, Sales manager arrested