തടി കയറ്റിയ പിക്കപ്പ് ലോറി വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി. യാത്രക്കാരും വീട്ടുകാരും അല്‍ഭുതകരമായി രക്ഷപെട്ടു. കൊല്ലം കടയ്ക്കല്‍ പളളിമുക്കിലായിരുന്നു ഞെട്ടിക്കുന്ന അപകടക്കാഴ്ച..
രാവിലെ പത്തിന് നിലമേൽ മടത്തറ റോഡില്‍ കടയ്ക്കല്‍ പളളിമുക്കിലാണിത് നടന്നത്. ഇടവഴിയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ തടി കയറ്റുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെയാണ് പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മുന്നോട്ടു കുതിച്ചത്.
എപ്പോഴും വാഹനങ്ങളുടെ തിരക്കുളള നിലമേൽ മടത്തറ റോഡ് മറികടന്ന് പിക്കപ്പ് ലോറി വീടിന്റെ മതില്‍ ഇടിച്ചിളക്കി വീട്ടുമുറ്റത്തേക്കാണ് പാഞ്ഞെത്തിയത്. റോഡിലും വീട്ടുമുറ്റത്തും ആരും ഉണ്ടായിരുന്നില്ല. തടി കയറ്റുന്നതിനായി ലോറിയില്‍ ഇരുന്ന തൊഴിലാളികളും അല്‍ഭുതകരമായി രക്ഷപെട്ടു.
വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് നഷ്ടപ്പെടുകയോ, വാഹനം മുന്നോട്ടുപോകാതെയിരിക്കാന്‍ ടയറിന് അടിയില്‍ വച്ചിരുന്ന തടി കക്ഷണം തെന്നിമാറുകയോ ചെയ്തപ്പോഴാണ് പിക്കപ്പ് ലോറി അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.