കൊല്ലം പോരുവഴിയില്‍ ശുചിമുറി മാലിന്യം തളളിയ വാഹനം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. പത്തനംതിട്ടയില്‍ നിന്നാണ് കക്കൂസ് മാലിന്യം പോരുവഴിയില്‍ എത്തിച്ചത്. അടൂര്‍ പഴകുളം സ്വദേശികളായ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പോരുവഴി ഗ്രാമപഞ്ചായത്തിലെ ഇടക്കാട് മലനട ക്ഷേത്രത്തിനു സമീപമുളള തോട്ടിലാണ് രാത്രിയില്‍ മാലിന്യം തളളിയത്. പഴകുളം സ്വദേശി റെജുലയുടെ പേരിലുളള വാഹനത്തിലാണ് യുവാക്കള്‍ കക്കൂസ് മാലിന്യം തളളിയത്. പഞ്ചായത്ത് മെമ്പര്‍ അരുണിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ എത്തി വാഹനം തടയാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ മാലിന്യവാഹനവുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരം പ്രകാരം ശൂരനാട് പൊലീസ് പഴകുളത്തു നിന്ന് ടാങ്കര്‍ പിടികൂടുകയായിരുന്നു.
പഴകുളത്തു നിന്ന് പൊലീസ് പിടികൂടിയ വാഹനം പോരുവഴിയില്‍ എത്തിച്ച് മാലിന്യം തിരിച്ച് ടാങ്കറില്‍ കയറ്റി. നാട്ടുകാരോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു മംഗലത്ത് ഉള്‍പ്പെടെയുളളവര്‍ സ്ഥലത്ത് എത്തിയിരുന്നു.