ട്രെയിനിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണവുമായി കൊല്ലം പുനലൂരിൽ യാത്രക്കാരൻ പിടിയിലായി. മുപ്പത്തിയേഴു ലക്ഷം രൂപയുമായി പത്തനാപുരം കുണ്ടയം സ്വദേശി ഷാഹുൽ ഹമീദ് ആണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചെന്നൈ എഗ്മോർ - കൊല്ലം എക്സ്പ്രസ്സ് ട്രെയിനിലാണ് യാത്രക്കാരൻ രേഖകൾ ഇല്ലാതെ പണം കൊണ്ടുവന്നത്.
അഞ്ഞൂറിന്റെ നോട്ടുകെട്ടുകളായാണ് പണം കടത്തിയത്. മാസങ്ങൾക്ക് മുൻപ് ബംഗളുരുവിൽ നിന്ന് പണം കടത്തിക്കൊണ്ടു വന്നതിന് കോട്ടയം തലയോലപ്പറമ്പിൽ വെച്ച് ഇയാളെ ആദായനികുതി വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
ട്രെയിൻ മാർഗം വൻതോതിൽ കുഴൽപ്പണവും , ലഹരി വസ്തുക്കളും കടത്തുന്നതായാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.