maniyar-dam-shutter-new-25

പത്തനംതിട്ട മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകളുടെ സ്ഥിതി അതീവ ഗുരുതരമെന്ന് നാട്ടുകാര്‍. ഒന്നേമുക്കാല്‍ വര്‍ഷം മുന്‍പ് ഷട്ടറുകള്‍ മാറ്റാന്‍ ആറു കോടിക്ക് കരാറെടുത്ത കമ്പനി ആ പണി ചെയ്തില്ല. ഇനി മഴ കഴിയാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരും കയ്യൊഴിഞ്ഞു.

 

മണിയാര്‍ ബാരേജില്‍ ഇക്കാണുന്നത് വെള്ളം ഒഴുക്കി വിടുന്നത് മാത്രമല്ല ഇരുവശങ്ങളിലൂടെയും ഉള്ള ചോര്‍ച്ചയുമാണ്. 2018ലെ പ്രളയത്തിലാണ് ഷട്ടറുകള്‍ തകരാറിലായത്. 2022 ജൂലൈയില്‍ കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്ക് ഷട്ടറുകളടക്കം അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കി. പുതിയ ഷട്ടറുകള്‍ എത്തിച്ചതല്ലാതെ പണി നടന്നില്ല. ഷട്ടറുകള്‍ തുറന്ന് അറ്റകുറ്റപ്പണിയെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു. പെരുമഴയത്ത് എന്ത് പണിയെന്നാണ് സംശയം

കരാറെടുത്ത കമ്പനി പണി എടുക്കാഞ്ഞിട്ടും നടപടി ഉണ്ടായില്ല. നിലവില്‍ രണ്ട് ഷട്ടറുകളേ പ്രവര്‍ത്തിക്കൂ. മലവെള്ളപ്പാച്ചില്‍ വന്നാല്‍ ബാരേജിന്‍റെ സ്ഥിതി പറയാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ പവര്‍ഹൈസിലെ വെള്ളമടക്കംവരുന്നത് ഇവിടേക്കാണ്. 

ഇനി മഴമാറാതെ പണി നടക്കില്ലെന്നും കരാര്‍ നല്‍കിയതിനാല്‍ അവരാണ് തകരാറുകള്‍ പരിഹരിക്കേണ്ടത് എന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.  കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണി നടക്കാത്തതില്‍ പ്രതിഷേധിച്ച് മണിയാര്‍ ഓഫിസ് പൂട്ടിയിരുന്നു. 

ENGLISH SUMMARY:

No maintenance has been done at Maniyar barraiage