വന്യമൃഗങ്ങളോട് ഏറ്റുമുട്ടാത്ത ഒരു ദിവസം പോലും മലയോര മേഖലയ്ക്കല്ല. ജീവഭയംപേറി ജീവിക്കേണ്ടി വരുന്ന ഈ ജനതയുടെ നേര്‍ചിത്രം ഒരു ഡയറിക്കുറിപ്പിലൂടെ തുറന്നുകാട്ടപ്പെടുകയാണ്. ഒന്നാം ക്ലാസുകാരി അക്ഷര എഴുതിയിട്ട വാക്കുകള്‍ അത്രത്തോളം ഹൃദയംതൊടുന്നതാണ്. അമ്മയെക്കുറിച്ചുള്ള ആശങ്കയാണ് ഈ കുരുന്ന് ഡയറിയില്‍ കുറിച്ചിരിക്കുന്നത്.
പത്തനംതിട്ടയിലെ സീതത്തോട്, ചിറ്റാർ ഗ്രാമങ്ങളിലെ ജീവിതമാണ് ഈ ഡയറിയില്‍ തെളിയുന്നത്. ‘ചിറ്റാർ–സീതത്തോട് റോഡിൽ കാട്ടാന ശല്യം. അമ്മ സ്കൂട്ടറിൽ ജോലിക്ക് പോകുന്നത് എനിക്ക് പേടിയാണ്...’ എന്ന കുറിപ്പിനൊപ്പം റോഡ് മുറിച്ചു കടന്ന് പോകുന്ന ഒരു കൊമ്പനാനയേയും കുട്ടിയേയുമാണ് അക്ഷര ഡയറിയില്‍ വരച്ചിരിക്കുന്നത്. ആന റോഡ് കടക്കുമ്പോള്‍ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ‘ആവേമരിയ’ എന്ന സ്വകാര്യ ബസും, ആനകളെ കാണാൻ റോഡിലിറങ്ങി നില്‍ക്കുന്ന ജനക്കൂട്ടവും അതിനിടെ സ്കൂട്ടറിലുള്ള തന്‍റെ അമ്മയുമടക്കം ‘യാഥാര്‍ഥ്യം’ അപ്പാടെ അക്ഷര പേപ്പറിലാക്കി.
ചിറ്റാർ പടയണിപാറ കെവിഎൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരിയാണ് അക്ഷര കലേഷ്. ഒന്നാം ക്ലാസുകാരെ പതിവായി ഡയറി എഴുതിക്കാറുണ്ട്. അങ്ങനെ അക്ഷരയുടെ ഡയറിയില്‍ കണ്ടതാണീ കുറിപ്പും വരയുമെന്ന് അധ്യാപിക ദേവിക ജോബ് പറയുന്നു. ചിറ്റാർ തെക്കേക്കരയിലാണ് അക്ഷരയും പിതാവ് കലേഷും മാതാവ് ശരണ്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
ശരണ്യ സീതത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. എന്നും രാവിലെ സ്കൂട്ടറിലാണ് ജോലിക്കു പോകുന്നത്. മിക്കപ്പോഴും രാവിലെ ചിറ്റാർ ഊരാമ്പാറയിൽ എത്തുമ്പോൾ കാട്ടാനകൾ കൈതത്തോട്ടത്തിൽ നിന്നും മടങ്ങിപ്പോകുന്ന സമയമായിരിക്കും. കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്കായി വരുമ്പോൾ ആന ഇറങ്ങുന്ന സമയമായിരുന്നു. ശരണ്യ ഉൾപ്പെടെയുള്ളവരെ ഊരാമ്പാറയിൽ പൊലീസ് തടഞ്ഞു. ആന പോയതിനു ശേഷമാണ് ഇവരെ കടത്തിവിട്ടത്. ഇതപ്പാടെ ശരണ്യ വീട്ടിലെത്തിപ്പോള്‍ മക്കളോട് പറഞ്ഞു.
ഇതാണ് അക്ഷര ഡയറിയിലേക്ക് പകര്‍ത്തിയത്. അക്ഷരയുടെ പിതാവ് കലേഷാണിത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കാട്ടനയും ജനജീവിതവും ആ കുഞ്ഞുമനസ്സിനെയും എത്തരത്തിലാണ് ബാധിച്ചതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അമ്മയോടുള്ള സ്നേഹവും ആശങ്കയും നിറഞ്ഞ ആ ചിത്രം സൈബറിടത്തും വൈറലായിക്കഴിഞ്ഞു.