arayanjilimon-cosway

സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചതാണ് ഇക്കുറിയും പത്തനംതിട്ട അരയാഞ്ഞിലിമണ്ണുകാര്‍ വെള്ളത്തിലാകാന്‍ കാരണം. നാട്ടുകാര്‍ നേരിട്ടറങ്ങി പാലം പണി തുടങ്ങിയപ്പോഴാണ് മന്ത്രി നേരിട്ടെത്തി പട്ടികവര്‍ഗ വകുപ്പിന്‍ററെ ഫണ്ടില്‍ പുതിയപാലം ഉറപ്പു നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പാലത്തിന് തടസം എന്നാണ് ആരോപണം.

 

പാലം മുങ്ങിയാലും വെള്ളത്തിലാവാതെ മറുകരെ എത്തിച്ചിരുന്ന തൂക്കുപാലം 2018ലെ പ്രളയം കൊണ്ടുപോയി. നാട്ടുകാര്‍ പിരിവിട്ട് പഴയ പാലത്തിന്‍റെ തൂണുകളിലായി പുതിയ നടപ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷ വരെ കടന്നു പോകുന്ന നടപ്പാലമാണ് പദ്ധതിയിട്ടത്. ആദ്യ തൂണിന്‍റെ കോണ്‍ക്രീറ്റ് കഴിഞ്ഞപ്പോഴാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ നേരിട്ടെത്തി 2.67 കോടി ചെലവിട്ട് പുതിയ പാലം നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കിയത്. ഇതോടെ നാട്ടുകാര്‍ നിര്‍മാണം നിര്‍ത്തിവച്ചു.

പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷം ഒന്നായി. പതിവുപോലെ ഇത്തവണയും പാലം വെള്ളത്തിലായി. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പലവട്ടം ഇടപെട്ടാണ് മണ്ഡലത്തില്‍ രണ്ട് പാലത്തിന് അനുമതി നേടിയതെന്ന് പ്രമോദ് നാരായണന്‍ എം.എല്‍.എ പറഞ്ഞു. ചില ഉന്നത ഉദ്യോഗസ്ഥരുടെ കടും പിടിത്തമാണ് അരയാഞ്ഞിലിമണ്ണിലെ പാലത്തിന് തടസം. പുതിയ പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Govt yet to make initiative for Arayanjiliman bridge construction. People raised allegations against higher officials.