paddy-crop-destroyed-pathanathitta

TOPICS COVERED

ഓണത്തിന് കൊയ്യാന്‍ കാത്തിരുന്ന നെല്ലെല്ലാം കരിഞ്ഞു പോയി. പത്തനംതിട്ട വള്ളിക്കോട് നരിക്കുഴി ഏലായിലെ 10 ഹെക്ടറിലെ കൃഷിയാണ് പതിരായിപ്പോയത്. കീടബാധയും കാലാവസ്ഥാ വ്യതിയാനവുമാണ് ഉപദ്രവമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. തോടിന്‍റെ നവീകരണത്തിലെ വീഴ്ചയും നാശത്തിന് കാരണമായി.

 

പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് കൃഷിയിറക്കിയത്. കതിരിട്ട ശേഷമാണ് കീടബാധയേറ്റത്. ആദ്യം മഞ്ഞളിപ്പാണ് കണ്ടത്. പിന്നാലെ മുഞ്ഞയും പിടികൂടി. ഇതിന് പരിഹാരം കണ്ടപ്പോഴേക്കും നെല്‍ച്ചെടിയിലേയും കതിരിലേയും നീരൂറ്റിക്കുടിക്കുന്ന ജീവികള്‍ ഇറങ്ങി. ഇതോടെ പ്രതിരോധശേഷി നശിച്ച് നെല്ലുകള്‍ വീണുതുടങ്ങി. കൃഷി വകുപ്പില്‍ നിന്ന് മരുന്നെത്തിയപ്പോഴേക്കും നെല്ലെല്ലാം കരിഞ്ഞു. പിന്നാലെയെത്തിയ കാറ്റിലും മഴയിലും നെല്‍ച്ചെടികള്‍ വീണ് അഴുകാനും തുടങ്ങി.

അഴുകാതെയും വീഴാതെയും ശേഷിച്ച ബാക്കി ചെടികള്‍ ഇനി കൊയ്തെടുക്കാന്‍ കഴിയില്ല. കൃഷിവകുപ്പ് കനിഞ്ഞാലേ വരും കാലത്ത് കൃഷി തുടരാന്‍ കഴിയൂ എന്നാണ് കര്‍ഷകരുടെ നിലപാട്. പത്തനംതിട്ടയില്‍ അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിയുള്ള മേഖലയാണ് വള്ളിക്കോട്. 15 വാര്‍ഡുകളിലായി അഞ്ഞൂറ് ഏക്കര്‍ വരുന്ന എട്ട് പാടശേഖരങ്ങളും ഇരുനൂറിലധികം കര്‍ഷകരുമുണ്ട്.