ആശുപത്രി മാലിന്യം കിണറ്റില്‍ തള്ളിയെന്ന് ആരോപിച്ച് പത്തനംതിട്ട അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ സംഘടിച്ചതോടെ മാലിന്യം തിരികെ കൊണ്ടുപോയി. ആശുപത്രി മാലിന്യമല്ലെന്നും ആക്രിസാധനങ്ങളാണ് ഉപയോഗശൂന്യമായ കിണറ്റില്‍ ഇട്ടതെന്ന് ആശുപത്രിയും പറയുന്നു.
അടൂര്‍ കണ്ണംകോടുള്ള വീട്ടിലെ കിണറ്റിലാണ് മാലിന്യം തള്ളിയത്. ആശൂപത്രിയുടെ വക തന്നെയാണ് സ്ഥലം. ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് വാഹനം വരുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാര്‍ പരിശോധിച്ചത്. പരിശോധനയില്‍ ശസ്ത്രക്രിയയുടെ അവശിഷ്ടങ്ങള്‍, സിറിഞ്ച്, പഞ്ഞി തുടങ്ങിയ സാധനങ്ങള്‍ കണ്ടെത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. കിണറ്റില്‍ മാലിന്യം തള്ളിയതിനാല്‍ സമീപത്തെ കിണറുകള്‍ കൂടി മലിനമാകുമെന്ന ഭയത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധിച്ചതോടെ മാലിന്യത്തിന് മുകളില്‍ കരിയിലയും മണ്ണും വാരിയിട്ട് മൂടിയതായും നാട്ടുകാര്‍ പറഞ്ഞു. ആശുപത്രി മാലിന്യം അല്ലെന്നും ആക്രി സാധനങ്ങള്‍ ഇട്ടതാണെന്നും അടൂര്‍ മരിയന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഉപയോഗ ശൂന്യമായ കിണറ്റില്‍ നാട്ടുകാര്‍ തന്നെ മാലിന്യം തള്ളുന്നതായും ആശുപത്രി മാലിന്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൈകാര്യം ചെയ്യുന്നത് എന്നും ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു,